അതിർത്തി വഴിയുള്ള കുടിയേറ്റം തടയും; മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചുവെന്ന് ട്രംപ്

അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയാൻ ഇരു രാജ്യങ്ങളും പരാജയപ്പെട്ടാൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ 25% താരിഫ് ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു

dot image

ന്യൂയോർക്ക്: മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി സംസാരിച്ചതായി അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മെക്സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം നിർത്താൻ ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചുവെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. നേരത്തെ അമേരിക്കയുടെ തെക്കൻ അതി‍ർത്തി പങ്കിടുന്ന അമേരിക്കയിലേയ്ക്ക് വരുന്ന സാധനങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയാൻ ഇരു രാജ്യങ്ങളും പരാജയപ്പെട്ടാൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ 25% താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ട്രംപിൻ്റെ പ്രസ്താവനയോട് കഴിഞ്ഞ ദിവസം അതേ നാണയത്തിൽ മെക്സിക്കൻ പ്രസിഡൻ്റ് തിരിച്ചടിച്ചിരുന്നു. ട്രംപ് തൻ്റെ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ അതേ നിലയിൽ തിരിച്ചടിക്കുമെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കിയത്. അമേരിക്ക താരിഫുകൾ ഉയ‍ർത്തിയാൽ മെക്സിക്കോയും താരിഫുകൾ ഉയർത്തുമെന്നായിരുന്നു വാ‍ർത്താ സമ്മേളനത്തിൽ ക്ലോഡിയ ഷെയ്ൻബോം പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് താൻ ക്ലോഡിയ ഷെയ്ൻബോമുമായി സംസാരിച്ചെന്ന് Truth Social-ൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കിയത്. മെക്സിക്കോയുടെ പുതിയ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി ഒരു അത്ഭുതകരമായ സംഭാഷണം നടത്തി. നമ്മുടെ തെക്കൻ അതിർത്തി ഫലപ്രദമായി അടച്ചുകൊണ്ട് മെക്സിക്കോയിലൂടെ അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം തടയാൻ അവ‍ർ സമ്മതിച്ചു. അമേരിക്കയിലേക്കുള്ള വൻതോതിലുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാൻ എന്തുചെയ്യാമെന്നതിനെക്കുറിച്ചും ഈ മരുന്നുകളുടെ അമേരിക്കയിലെ ഉപയോ​ഗത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. വളരെ ഫലപ്രദമായ ഒരു സംഭാഷണമായിരുന്നു അത്!" എന്നായിരുന്നു Truth Social-ൽ ട്രംപ് പങ്കുവെച്ചത്.

തങ്ങളുടെ ദക്ഷിണ അതിർത്തിയിലേക്ക് ആളുകൾ പോകുന്നത് മെക്സിക്കോ തടയും, ഇത് ഉടനടി പ്രാബല്യത്തിൽ വരും. അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയുന്ന ഈ നടപടി ഒരുപാട് ദൂരം പോകും. നന്ദി!!! എന്നും മറ്റൊരു പോസ്റ്റിലും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

താൻ ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്നും "സുരക്ഷാ പ്രശ്‌നങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്" ഇരുവരും ചർച്ച ചെയ്തതായും സംഭാഷണം "മികച്ചതായിരുന്നു" എന്നും ഷെയ്ൻബോം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തെക്കൻ അതിർത്തി വഴിയുള്ള കുടിയേറ്റക്കാരുടെയും നിരോധിത മയക്കുമരുന്നിൻ്റെയും ഒഴുക്ക് തടയാൻ മെക്‌സിക്കോ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നത് നേരത്തെ മുതലുള്ള ട്രംപ് നേരത്തെ പറഞ്ഞിരുന്നു. മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്ക് വൻതോതിൽ എത്തുന്ന ഫെൻ്റനൈലിന് 10% അധിക തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോ​ഗിച്ച് മെക്സിക്കോയിൽ അനധികൃത ഫെൻ്റനൈൽ നിർമ്മിക്കുകയും തുടർന്ന് മയക്കുമരുന്ന് മാഫിയകൾ അത് അതിർത്തി കടത്തുകയും ചെയ്യുന്നുവെന്നാണ് ദീ‍ഘകാലമായി അമേരിക്കൻ ഉദ്യോ​ഗസ്ഥ‍ർ ചൂണ്ടിക്കാണിക്കുന്നത്. ഹെറോയിനേക്കാൾ 50 മടങ്ങ് വരെ ശക്തിയുള്ളതും ചെറിയ അളവിൽ മാരകമായേക്കാവുന്നതുമായ ഒരു സിന്തറ്റിക് ഒപിയോയിഡായ ഫെൻ്റനൈൽ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവനാണ് ഇതുവരെ അപഹരിച്ചത്.

Content Highlights: Trump says Mexico will stop flow of migrants after speaking with Mexican president

dot image
To advertise here,contact us
dot image