ബ്രസ്സൽസ്: ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും നൽകി ചരിത്രം കുറിച്ച് ബെൽജിയം. ഇതോടെ ലോകത്തിൽ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. 2022-ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമത്തിന് പ്രാബല്യം നൽകിയിരുന്നു. എന്നാൽ തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ബെൽജിയം.
ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും ലൈംഗികത്തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ ഇൻഷുറൻസുൾപ്പെടെ ലൈംഗികത്തൊഴിലാളികൾക്ക് ലഭിക്കും.
ഒമ്പത് മാസം ഗർഭിണിയായിരിക്കെ തനിക്ക് ജോലി ചെയ്യേണ്ടിവന്നുവെന്നും പണം ആവശ്യമുള്ളതിനാൽ തനിക്ക് തൊഴിലെടുക്കേണ്ടി വന്നെന്നും ബെൽജിയത്തിലെ ലൈംഗികത്തൊഴിലാളിയായ സോഫിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പ്രസവാവധിക്കുള്ള അവകാശമുൾപ്പെടെ പ്രാബല്യത്തിൽ വരുന്നതോടെ സോഫിയെപ്പോലെയുള്ളവർക്ക് ആശ്വാസമാകും.
ലൈംഗികത്തൊഴിലാളികളെയും മറ്റ് തൊഴിലാളികളേപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയിൽനിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലർക്കും രോഗങ്ങൾ ബാധിക്കാറുണ്ട്. ഇത്തരക്കാർക്ക് പെൻഷൻ അടക്കമുള്ളവ നിലവിൽ വരുന്നത് വലിയ ഗുണകരമാകും. എന്നാൽ മനുഷ്യക്കടത്തിനും ചൂഷണത്തിനും ദുരുപയോഗത്തിനും ഈ നിയമം കാരണമാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ലൈംഗികത്തൊഴിലാളികളാണുള്ളത്. ഇന്നും ലൈംഗിക തൊഴിലുകളിൽ ഏർപ്പെടുന്നവരെ അംഗീകരിക്കാൻ പല രാജ്യങ്ങളും തയാറായിട്ടില്ല. അങ്ങനെയിരിക്കെ ബെൽജിയത്തിൻറെ ഈ തീരുമാനം അഭിനന്ദനീയമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Content Highlights: Belgium's sex workers get maternity leave and pensions under world-first law