ന്യൂഡൽഹി: ഇസ്കോൺ സന്ന്യാസിമാർക്കെതിരായ നടപടികളിൽ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളാകുന്നു. രണ്ട് സന്ന്യാസിമാരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ വിശദീകരണം ഉചിതമല്ലെന്ന് ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായ ഇസ്കോൺ അംഗങ്ങളുടെ തിരോധാനം ആശങ്ക ഉണ്ടാക്കുന്നതെന്നും ന്യൂനപക്ഷങ്ങൾക്ക് എതിരായി ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമെന്നും ഇന്ത്യ നിലപാടറിയിച്ചു. ഇന്ത്യയിലെ ബംഗ്ലാദേശ് സ്ഥാനപതി വഴിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
നേരത്തെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷിയസ്‌നെസ് (ഇസ്‌കോണ്‍) ആത്മീയ നേതാവ് ചിന്മയി കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിന്മയി കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പിന്നാലെ അറസ്റ്റിൽ വ്യാപക പ്രതിഷേധവും അരങ്ങേറിയിരുന്നു. സംഘര്‍ഷത്തിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ സെയ്ഫുല്‍ ഇസ്‌ലാം അലീഫ് കൊല്ലപ്പെട്ടിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണദാസ് നിലവില്‍ ചിറ്റഗോങില്‍ ജയിലിലാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 ന് ബംഗ്ലാദേശിലെ ലാല്‍ദിഗി മൈതാനത്തില്‍ നടന്ന റാലിയുമായി ബന്ധപ്പെട്ടായിരിരുന്നു ചിന്മയി കൃഷ്ണദാസ് അടക്കം പതിനെട്ട് ഹിന്ദു നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ദേശീയ പതാകയെ നിന്ദിച്ചു എന്ന് കാണിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖലേദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്മയിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ശേഷം കൃഷ്ണദാസ് അടക്കം പതിനേഴ് ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ട് സർക്കാർ മരവിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റേതായിരുന്നു നടപടി. പതിനേഴ് ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും അടുത്ത 30 ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നിര്‍ദേശം നല്‍കിയിരുന്നു. ചിന്മയി കൃഷ്ണദാസ് അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: India expressed concern to bangladesh at ISKCON leaders arrests