സോൾ: പ്രഖ്യാപിച്ച ഉടൻ തന്നെ പിൻവലിക്കേണ്ടിവന്ന പട്ടാള നിയമത്തിൻ്റെ സൂത്രധാരൻ മുൻ പ്രതിരോധവകുപ്പ് മേധാവി കിം യോങ് ഹ്യുന്നെന്ന് വെളിപ്പെടുത്തൽ. ദക്ഷിണ കൊറിയൻ പ്രസിഡന്റ് പ്രഖ്യാപിച്ച പട്ടാള നിയമം അപ്പോൾ സ്ഥാനം വഹിച്ചിരുന്ന പ്രതിരോധവകുപ്പ് മേധാവി കിം യോങ് ഹ്യുന്നിന്റെ നിർദ്ദേശപ്രകാരമെന്നാണ് വെളിപ്പെടുത്തൽ. ദക്ഷിണ കൊറിയൻ മന്ത്രി ലീ സാങ് മിൻ ആണ് പ്രസിഡന്റ് യൂൻ സുക് യോളിനെ പ്രതിസന്ധിയിലാക്കുന്ന പരാമർശവുമായി രംഗത്തെത്തിയത്.
പട്ടാള നിയമം പിൻവലിച്ചതിന് പിന്നാലെ കിം യോങ് ഹ്യുൻ രാജിവെച്ചിരുന്നു. ജനജീവിതം തടസ്സപ്പെടുത്തിയതിന് മാപ്പ് പറഞ്ഞായിരുന്നു രാജി. തുടർന്ന് യൂൻ സുക് യോൾ പുതിയ പ്രതിരോധ വകുപ്പ് മേധാവിയായി പദവി ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയായ ലീ സാങ് മിൻ പട്ടാള നിയമം മുൻ പ്രതിരോധ മേധാവിയുടെ ആശയമിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.
പ്രസിഡൻ്റ് പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ജനരോഷമാണ് തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയത്. സൈന്യം പാർലമെന്റ് വളയുകയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പാർലമെന്റിൽ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിൻവലിക്കാൻ സുക് യോൾ നിർബന്ധിതനായത്.
രാജ്യത്തെ 'കമ്മ്യൂണിസ്റ്റ് ശക്തി'കളില്‍ നിന്നും രക്ഷിക്കാന്‍ നീക്കം അനിവാര്യമാണെന്നാണ് യൂന്‍ സുക് യോള്‍ പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്‍സിൻ്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയാണ് അടിയന്തര പട്ടാളഭരണം ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരകൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും യൂന്‍ ആരോപിച്ചിരുന്നു.