വത്തിക്കാൻ: ഭാരത കത്തോലിക്ക് സഭയിൽ പുതു ചരിത്രം കുറിച്ച് ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ടിൻ്റെ കർദിനാൾ സ്ഥാനാരോഹണം ഇന്ന്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് എന്ന അപൂർവ നേട്ടമാണ് മാർ ജോർജ് കൂവക്കാട്ട് കൈവരിച്ചത്. ചങ്ങനാശേരി അതിരൂപതാംഗം മാർ ജോർജ് കൂവക്കാട്ട് ഉൾപ്പടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണമാണ് ഇന്ന് വത്തികാനിൽ നടക്കുക. വത്തിക്കാൻ സമയം വൈകുന്നേരം നാലിനാവും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ എല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിലാവും സ്ഥാനാരോഹണം നടക്കുക.
സ്ഥനാരോഹണത്തിൽ ആശംസകൾ അർപ്പിക്കാനായി നിരവധി ആളുകളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കും വത്തിക്കാനിലേക്കും എത്തി ചേർന്നിരിക്കുന്നത്. സീറോമലബാർ സഭയ്ക്ക് അത്യപൂർവമായി മാത്രം ലഭിക്കുന്ന പദവിയാണിത്. മാർ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും വത്തിക്കാനിൽ ഉൾപ്പടെ മാതൃരൂപതയിൽനിന്നും ജന്മനാട്ടിൽനിന്നും നൂറു കണക്കിനു പേർ വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും എംഎൽഎമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ നിരവധിപേർ ഈ സ്ഥാനാരോഹണ കർമ്മത്തിൽ പങ്കെടുക്കും. കൺസിസ്റ്ററി തിരുക്കർമങ്ങൾക്കുശേഷം നവ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സ്ഥാനാരോഹണത്തിൽ സഹകാർമികരാകും.
content highlight- New history in Indian Catholic Church: Mar George Kouvakkat's cardinal appointment today