മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടുവെന്ന് റഷ്യ. സിറിയയില്‍ അധികാരം വിമതര്‍ക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയതിന് ശേഷമാണ് ബാഷര്‍ അല്‍-അസദ് വിട്ടതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എന്നാല്‍ ബാഷര്‍ അല്‍-അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ വ്യക്തമാക്കിയില്ല.
ബാഷര്‍ രാജ്യം വിട്ടതില്‍ റഷ്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയയിലുള്ള സൈനിക താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചതായും റഷ്യ പറഞ്ഞു.
നേരത്തെ സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി അധികാരം വിമതര്‍ക്ക് കൈമാറിയിരുന്നു. അധികാരം കൈമാറിയതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. താന്‍ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ജനങ്ങള്‍ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണ്. താന്‍ എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. വീട്ടില്‍ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വമെന്നും മുഹമ്മദ് ഗാസി അല്‍ ജലാലി പറഞ്ഞു. ജനങ്ങളുടെ നല്ലതിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാന്‍ താന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Syrian President Bashar al-Assad had left office and departed the country