ദമാസ്കസ്: എച്ച്ടിഎസ് വിമതർ ഹോംസ് പിടിച്ചടക്കിയ ശേഷം തലസ്ഥാനം നഗരം ലക്ഷ്യമിട്ട് മുന്നേറവെ സിറിയൻ സൈനികർ 'പലായനം' തുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ട്. ഏകദേശം രണ്ടായിരത്തോളം സൈനിക ഗ്രൂപ്പുകൾ ഇത്തരത്തിൽ ഇറാഖിലേക്ക് കടന്നുവെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സൈനികരിൽ ചിലർക്ക് ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അവരെല്ലാം ഇപ്പോൾ ചികിത്സയിലാണെന്നും ഇറാഖ് സിറിയ അതിർത്തിയിലെ അൽ ഖയിം നഗരത്തിന്റെ മേയർ തുർക്കി അൽ മഹ്‌ലവി പറഞ്ഞു.
വിമതർ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ദമസ്കസിലെത്തിയ വിമതർ അവിടുത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ വിമതർ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതർ എത്തിയതോടെ ബാഷർ അൽ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമായിരുന്നു. ഇതിന് പിന്നാലെയാണ് ദമാസ്കസിലേക്ക് വിമതർ എത്തുന്നത്. അസ്സദ് രാജ്യം വിട്ടതോടെ സർക്കാരിന്റെ ആയുസ് ഇനി എത്ര നേരമെന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.
ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയയില്‍ പുതുയുഗമെന്ന് എച്ച്ടിഎസ് മേധാവി അല്‍ ജുലാനി പറഞ്ഞു. ഏകാധിപത്യത്തിന് അന്ത്യമായി. സിറിയ സ്വതന്ത്രമായെന്നും ഇരുണ്ട യുഗത്തിന്‍റെ അന്ത്യവും പുതുയുഗത്തിന്‍റെ തുടക്കവും ആണെന്നും അല്‍ ജുലാനി തന്റെ ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു. ബാഷർ അൽ അസദ് നാടുവിട്ടതോടെ സെന്‍ട്രല്‍ ദമാസ്കസില്‍ ജനങ്ങള്‍ ഒത്തുകൂടുന്നുവെന്നും റിപ്പോര്‍ട്ട്. സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം വിളിച്ച് ആഘോഷമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആസ്ഥാനം ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Syrian troops fled to Iraq before Damascus fell