ദമാസ്കസ്: പ്രസിഡന്റ് ബാഷർ അൽ അസദിനെ 'തുരത്തിയ' സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിനന്ദനവുമായി ഹമാസ്. വിമതസേന ദമാസ്കസ് പിടിച്ചടക്കിയതിന് ശേഷം ഇതാദ്യമായാണ് ഹമാസ് വിഷയത്തിൽ പ്രതികരിക്കുന്നത്.
'സിറിയയിലെ ജനങ്ങളെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. അവരുടെ തീരുമാനത്തെ, അവരുടെ സ്വാതന്ത്ര്യത്തെ, അവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തെയും ഞങ്ങൾ ബഹുമാനിക്കുകയാണ്'; ഹമാസ് വാർത്താകുറിപ്പിൽ പറഞ്ഞു. അസദിന് ശേഷമുള്ള സിറിയൻ ഭരണകൂടവും, പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹമാസ് പറഞ്ഞു.
ഡിസംബർ എട്ടാം തിയ്യതിയാണ് സിറിയൻ വിമതസേന ദമാസ്കസ് പിടിച്ചടക്കുന്നതും പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതും. അസദ് ഭരണം വീണതിൽ പ്രതികരണവുമായി ലോക രാജ്യങ്ങൾ രംഗത്തു വന്നിരുന്നു. സിറിയക്ക് പുതുഅവസരമെന്നും ഒപ്പം അപകടഭീഷണിയെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. സമാധാനം പാലിക്കണമെന്ന് അയർലൻഡ് പ്രതികരിച്ചപ്പോൾ ക്രൂരമായ ഭരണം അവസാനിച്ചെന്നായിരുന്നു ബ്രിട്ടൻ്റെ പ്രതികരണം. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിചാരണ നേരിടണമെന്ന് കാനഡയും ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ വിമതർ ദമാസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ രക്ഷപെട്ട അസദും കുടുംബം മോസ്കോയിൽ അഭയം പ്രാപിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യ അസ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Hamas congratulates Syrian Citizens for toppling Assad Government