
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം.
എന്‍ബിസിയുടെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നിരുന്നാലും വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും രേഖകളില്ലാത്തവരുമായ 'ഡ്രീമര്‍'മാരെ നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ട്രംപ് എങ്ങനെ പദ്ധതിയിടുന്നുവെന്നും എക്‌സിക്യൂട്ടീവ് നടപടിയിലൂടെ അത് ചെയ്യുമോ എന്ന ചോദ്യത്തിന് തനിക്ക് കഴിയുമെങ്കില്‍ എക്‌സിക്യൂട്ടീവ് നടപടിയിലൂടെ അത് മാറ്റുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ഗര്‍ഭച്ഛിദ്ര ഗുളികകളുടെ ലഭ്യത നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
Content Highlights: Donald Trump says he plans to end US ‘Birthright Citizenship’