റ്റബിലീസി: ജോര്‍ജിയയിൽ മുന്‍ ഫുട്‌ബോള്‍ താരം മിഖേൽ കവേലഷ്വിലി പ്രസിഡന്റാകും. നിലവിലെ ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിക്കാണ് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ഇലക്ടറല്‍ കോളേജില്‍ മുന്‍തൂക്കം നൽകിയിരിക്കുന്നത്. അതിനാല്‍ മിഖേൽ കവേലഷ്വിലി പ്രസിഡന്റാകുമെന്നത് ഏറക്കുറെ ഉറപ്പാണ്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനാരോഹിതനാകുന്നത്.
ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ചിരുന്നു. ഒക്ടോബര്‍ 26-ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയം വന്‍ വിവാദമായിരുന്നു. പലരും ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയത്തെ അംഗീകരിക്കുന്നില്ല. റഷ്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിക്കുള്ളത്. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്കുള്‍പ്പെടെ എത്രയും പെട്ടെന്ന് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകണമെന്ന ആവശ്യമാണുള്ളത്. നിലവിലെ പ്രതിഷേധം യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ശക്തിപ്രാപിച്ചത്. ഡ്രീം പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെയായിരുന്നു തീരുമാനം.
1995-96 കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കറായിരുന്നു മിഖേൽ കവേലഷ്വിലി.ഇതിന് പുറമെ നിരവധി സ്വിസ് ക്ലബ്ബുകള്‍ക്ക് വേണ്ടിയും മിഖേല്‍ കളിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷമാണ് ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ മുന്‍ എംപിയായ മിഖേൽ കവേലഷ്വിലി 2016-ലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ മുഖമായി വളര്‍ന്നു. റഷ്യാ അനുകൂല ചിന്തകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നുവെന്ന് മിഖേലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പീപ്പിള്‍സ് പവര്‍ എന്നൊരു പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും മിഖേലിനെ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ഡ്രീം പാര്‍ട്ടി മടിച്ചില്ല.
Content Highlight :Former football player Mikheil Kavelashvili will be the president of Georgia