ദക്ഷിണകൊറിയന്‍ പ്രസിഡൻറ് പുറത്ത്; പദവികള്‍ റദ്ദാക്കി

ഇതോടെ സൂക് യോളിന്റെ എല്ലാ പ്രസിഡൻഷ്യൽ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു

dot image

സോൾ: പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെ ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സൂക് യോളിന്റെ സ്ഥാനം തെറിച്ചു. പാര്‍ലമെന്‍റില്‍ എംപിമാര്‍ പ്രസിഡന്‍റിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 204 എംപിമാര്‍ അനുകൂലിച്ചു.

മുന്നൂറിലധികം എംപിമാരാണ് ഇംപീച്ച്മെന്റ് നടപടിയിൽ വോട്ട് ചെയ്യാനെത്തിയത്. ഇവരിൽ 204 പേർ നടപടിയെ അനുകൂലിച്ചു. 85 എംപിമാർ എതിർത്തു. ഇതോടെ സൂക് യോളിന്റെ എല്ലാ പ്രസിഡൻഷ്യൽ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു.

താത്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി ഹാൻ ഡക്ക് സൂ അധികാരമേറ്റെടുത്തിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ കോടതിയാണ് ഇനി യോളിന്റെ പദവിയിൽ ഔദ്യോഗിക തീരുമാനമെടുക്കുക. കോടതിയും കൈവിട്ടാൽ ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യോൾ.

ഡിസംബർ മൂന്നിനാണ് ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൽ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. പട്ടാളനിയമം പ്രഖ്യാപിക്കാൻ പ്രസിഡൻ്റിന് ബുദ്ധി ഉപദേശിച്ച് കൊടുത്തത് അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ ആയിരുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പാർലമെൻ്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡൻ്റ് നിർബന്ധിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡൻ്റിനെതിരെ നിയമമന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

രാജ്യത്തെ 'കമ്മ്യൂണിസ്റ്റ് ശക്തി'കളിൽ നിന്നും രക്ഷിക്കുന്നതിനായി പട്ടാളഭരണം ഏർപ്പെടുത്തുന്നുവെന്നായിരുന്നു പട്ടാളഭരണം ഏർപ്പെടുത്തിക്കൊണ്ട് യൂൻ സുക് യോൽ പ്രഖ്യാപിച്ചത്. അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂൻസിന്റെ പീപ്പിൾസ് പവർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു പ്രസിഡൻ്റ് പട്ടാളഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികൾ ഉത്തരകൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും യൂൻ ആരോപിച്ചിരുന്നു.

പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ സൈന്യം പാർലമെൻ്റ് വളയുകയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർലമെൻ്റിൽ ജനപ്രതിനിധികൾ പട്ടാളനിയമത്തിനെതിരെ വോട്ട് ചെയ്തതോടെയാണ് യൂൻ സുക് യോൽ നിയമം പിൻവലിക്കാൻ നിർബന്ധിതനായത്.

Content Highlights: South Korean President Impeached over Martial Law

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us