ന്യൂയോർക്ക്: അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കും അതേ പോലെ തന്നെ ഉയർന്ന തീരുവ ഈടാക്കുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മാർ-എ-ലാഗോ റിസോർട്ടിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇന്ത്യ ഞങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയാൽ ഞങ്ങൾ അവർക്കും അതേ തുക ചുമത്തും എന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
'ഇന്ത്യ വലിയ തീരുവ നിരക്ക് ഈടാക്കുന്നു. ബ്രസീലും ഉയർന്ന നിരക്ക് ഈടാക്കുന്നു. അവർക്ക് അങ്ങനെ നിരക്ക് ഈടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ, പക്ഷേ ഞങ്ങളും അവരോട് അതേ നിരക്ക് ഈടാക്കു'മെന്നാണ് ട്രംപ് വ്യക്തമാക്കിയത്. വ്യാപാരത്തിലെ ന്യായമാണ് തൻ്റെ സാമ്പത്തിക അജണ്ടയിൽ പ്രധാനമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തുന്ന നികുതികളെയുെ ട്രംപ് വിമർശിച്ചു.
വളരെക്കാലമായി യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ നികുതിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. അധികാരമേറ്റെടുത്തതിന് പിന്നാലെയുള്ള ട്രംപിൻ്റെ പുതിയ പ്രസ്താവന വ്യാപാര മേഖലയിലെ ഇന്ത്യയോടുള്ള കർശനമായ നിലപാടിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
content highlight- 'If they impose tax, we will impose tax in return' ; Trump warns India