ക്വാലാലംപൂർ: മലേഷ്യയിലെ ക്വാലാലംപൂരിൽ ഏഴുവർഷത്തെ പ്രണയത്തിൽ 67കാരിക്ക് നഷ്ടമായത് 2.2 മില്യൺ റിങ്കിറ്റ്.( ഏകദേശം 4.4 കോടി രൂപ). ബുക്കിറ്റ് അമൻ കൊമേഷ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കമ്മീഷൻ ദാതുക് സെരി റാംലി മുഹമ്മദ് യൂസുഫാണ് തട്ടിപ്പിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. മലേഷ്യൻ പത്രമായ ദ സ്റ്റാർ ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2017-ൽ ഫേസ്ബുക്ക് വഴിയാണ് ഇരയായ സ്ത്രീയും തട്ടിപ്പുകാരനും തമ്മിൽ പരിചയപ്പെടുന്നത്. അമേരിക്കൻ ബിസിനസുകാരൻ എന്നുപറഞ്ഞാണ് ഇയാൾ സ്ത്രീയെ പരിചയപ്പെട്ടത്. സിംഗപ്പൂരിൽ മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ വ്യവസായമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരു മാസത്തോളം ഇരുവരും പരസ്പരം സംസാരിച്ചു. ഇതിനിടെ അയാളുമായി സ്ത്രീ കൂടുതൽ അടുത്തു.
ഒരിക്കൽ സംസാരത്തിനിടെ തനിക്ക് മലേഷ്യയിലേക്ക് താമസം മാറാൻ ആഗ്രഹമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിനനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഇയാൾ സ്ത്രീയോട് പണം ആവശ്യപ്പെട്ടു. ഇതുകേട്ട് മനസലിഞ്ഞ സ്ത്രീ 5,000 റിങ്കറ്റ് ബാങ്കുവഴി അയച്ചുകൊടുത്തു. പിന്നീടും പലവിധ ബുദ്ധിമുട്ടുകൾ പറഞ്ഞ് ഇയാൾ സ്ത്രീയിൽ നിന്ന് പണം തട്ടി. 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 306 തവണയാണ് സ്ത്രീ പണമയച്ചത്. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കടം വാങ്ങിയാണ് ഇത്രയും തുക അവർ തട്ടിപ്പുകാരന് നൽകിയതെന്നും ദ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീയും കാമുകനും തമ്മിൽ ഏഴുവർഷത്തിനിടയിൽ ഒരിക്കൽപ്പോലും നേരിട്ടോ വീഡിയോ കോൾ മുഖേനയോ കണ്ടിട്ടില്ല എന്നതാണ് ഏറെ വിചിത്രമായ കാര്യം. വോയിസ് കോളുകൾ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. നേരിട്ടുകാണണമെന്ന് സ്ത്രീ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് തട്ടിപ്പുകാരൻ പിൻവലിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇക്കാര്യം സ്ത്രീ തന്റെ സുഹൃത്തിനോട് പറഞ്ഞത്. ഈ സുഹൃത്താണ് അവർ അകപ്പെട്ടിരിക്കുന്നത് ഒരു തട്ടിപ്പിലാണെന്ന് ബോധ്യപ്പെടുത്തിയത്.
ഓൺലൈൻ ബന്ധങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് കമ്മീഷണർ റാംലി ജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlight: Malaysian woman, 67, loses Rs 4 crore in 7-year love scam, never met 'partner'