വാഷിംഗ്ടൺ: ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ 'താരിഫ്' ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 'യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനോട് നമ്മളിൽ നിന്നും കൂടുതൽ എണ്ണയും ഗ്യാസും വാങ്ങാൻ പറഞ്ഞിരിക്കുകയാണ്. അല്ലെങ്കിൽ താരിഫുകൾക്ക് തയ്യാറായിരുന്നോളൂ…'എന്നാണ് ട്രംപ് കുറിച്ചത്. നേരത്തെ പ്രസിഡന്റ് ആയിരുന്നപ്പോൾ നാറ്റോയ്ക്ക് ഫണ്ട് നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടും ട്രംപ് രംഗത്തുവന്നിരുന്നു.
രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മറ്റ് രാജ്യങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന ട്രംപിന്റെ രീതി തുടരുകയാണ്. നേരത്തെ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കും അതേ പോലെ തന്നെ ഉയർന്ന തീരുവ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ് രംഗത്തുവന്നിരുന്നു.
'ഇന്ത്യ വലിയ തീരുവ നിരക്ക് ഈടാക്കുന്നു. ബ്രസീലും ഉയർന്ന നിരക്ക് ഈടാക്കുന്നു. അവർക്ക് അങ്ങനെ നിരക്ക് ഈടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ, പക്ഷേ ഞങ്ങളും അവരോട് അതേ നിരക്ക് ഈടാക്കു'മെന്നാണ് ട്രംപ് വ്യക്തമാക്കിയത്. വ്യാപാരത്തിലെ ന്യായമാണ് തൻ്റെ സാമ്പത്തിക അജണ്ടയിൽ പ്രധാനമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തുന്ന നികുതികളെയുെ ട്രംപ് വിമർശിച്ചു.
Content Highlights: Trump threatens EU with High Tariffs if they dont buy Gas and Oil from US