ടെക്സസ്: ടെക്സസിലെ കിലീൻ മാളിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇയാൾ മദ്യപിച്ചാണ് ട്രക്ക് ഓടിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ സംഭവം നടന്നയുടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. ആറ് വയസ് മുതൽ 75 വയസ് വരെ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രിയിൽ മാളിന്റെ മുൻഭാഗത്തെ ഗ്ലാസ് ഡോർ ഇടിച്ച് തകർത്താണ് യുവാവ് ട്രക്ക് ഓടിച്ച് കയറ്റിയത്. മാളിന് അകത്ത് ട്രക്ക് കയറിയതിന് ശേഷവും വാഹനം നിർത്താൻ തയ്യാറായില്ല. ആളുകൾക്കിടയിലൂടെ ട്രക്ക് ഓടിക്കുകയായിരുന്നു. വാഹനത്തിന് മുന്നിൽ നിന്നും രക്ഷപ്പെടാനുളള ശ്രമത്തിനിടയിലാണ് ആളുകൾക്ക് പരിക്കേറ്റത്. ട്രക്ക് ഓടിച്ചു കൊണ്ടിരിക്കവെ പൊലീസ് ഇയാളെ വെടിവെയ്ക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ പൊലീസ് തടഞ്ഞിരുന്നു. നിർത്താതെ ഓടിച്ച് പോയ ട്രക്കിനെ പൊലീസ് പിന്തുടരുന്നതിനിടയിലാണ് ട്രക്ക് മാളിലേക്ക് ഇടിച്ച് കയറ്റിയത്. ക്രിസ്തുമസ് ആഘോഷങ്ങളുമായി നിറയെ ആളുകൾ മാളിൽ എത്തിയ സമയത്താണ് അപകടമുണ്ടായത്. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെക്സസിൽ ഓസ്റ്റിന് വടക്ക് 67 മൈൽ അകലെയുള്ള ഒരു നഗരമാണ് കിലീൻ. 90-ലധികം റീട്ടെയിലർമാർ മാളിൽ പ്രവർത്തിക്കുന്നതായാണ് വിവരം.
Content Highlights: Man shot dead by police after driving into Texas mall