സാവോ പോളോ: ബ്രസീലിൽ ചെറുവിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ബ്രസീൽ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു.
ഗ്രാമാഡോ മേഖലയിലാണ് ചെറുവിമാനം തകർന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലാണ് വിമാനം ആദ്യം ഇടിച്ചത്. പിന്നീട് മറ്റൊരു കെട്ടിടത്തിൻെറ രണ്ടാം നിലയിലും ഇടിച്ച ശേഷം, നേരെ ഒരു മൊബൈൽ കടയിലേക്ക് ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. വിമാനം തകർന്നുവീണ ശേഷം ഉണ്ടായ തീപിടിത്തത്തിലും മറ്റും പരിക്കേറ്റ നിരവധി പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽത്തന്നെ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ലൂയിസ് ക്ലാഡിയോ ഗല്ലെസി എന്ന ബിസിനസുകാരനാണ് വിമാനം ഓടിച്ചിരുന്നതെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ഇയാൾ സാവോ പ്ലോയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കനേല വിമാനത്താവളത്തിൽ നിന്ന് ഇയാൾ ഓടിച്ച ചെറുവിമാനം പറന്നുയരുന്നത് എയർപ്പോർട്ടിലെ ദൃശ്യങ്ങളിലുണ്ട്. ഗല്ലെസി മരണപ്പെട്ട കാര്യം അദ്ദേഹത്തിന്റെ കമ്പനിയും സ്ഥിരീകരിച്ചു.
Content Highlights: Small plane crashed at brazil, 10 dead