മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കി പാകിസ്താനിൽ മരിച്ചു

2019 മെയ് മാസത്തിൽ മക്കിയെ പാകിസ്താൻ സർക്കാർ അറസ്റ്റ് ചെയ്യുകയും ലാഹോറിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു

dot image

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരിൽ ഒരാളും ലഷ്‌കർ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുൾ റഹ്‌മാൻ മക്കി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2019 മെയ് മാസത്തിൽ മക്കിയെ പാകിസ്താൻ സർക്കാർ അറസ്റ്റ് ചെയ്യുകയും ലാഹോറിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യുഎൻഎസ് സി) മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്.166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയവരിൽ മക്കിയും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

2018-ൽ മുതിർന്ന പത്രപ്രവർത്തകനും റൈസിങ് കശ്മീർ ദിനപത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫുമായ ഷുജാത് ബുഖാരിയെയും അദ്ദേഹത്തിൻ്റെ രണ്ട് സുരക്ഷാ ഗാർഡുകളെയും കൊലപ്പെടുത്തിയതിലും മക്കിക്കും സംഘത്തിനും പങ്കുണ്ടായിരുന്നു.

രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: Mumbai terror attack plotter Abdul Rehman Makki dies in Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us