ഫ്ലോറിഡ: ടിപ്പ് കുറഞ്ഞതിന്റെ പേരിൽ പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗർഭിണിയെ 5 വയസുള്ള മകളുടെ മുന്നിൽവെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഫ്ലോറിഡയിലെ ഇർലോ ബ്രോൺസൺ മെമ്മോറിയൽ ഹൈവേയിലെ റിവിയേര മോട്ടലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഓസ്‌സിയോള കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ടിപ്പ് കൊടുത്തത് കുറഞ്ഞുപോയതിൽ പ്രകോപിതയായ അൽവെലോ യുവതിയുടെ മുറിയിൽ നിന്ന് മടങ്ങിയ ശേഷം മറ്റൊരാളുമായി തിരികെ വരികയും മുറിയിലേയ്ക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയുമായിരുന്നു. 14 തവണയാണ് സ്ത്രീയെ ബ്രിയാന കുത്തിയത്.
പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേർ മുറിയിലേക്ക് കയറി അതിക്രമിക്കുകയായിരുന്നുവെന്ന് സ്ത്രീ മൊഴി നൽകി. ബ്രിയാനയ്ക്കൊപ്പമുണ്ടായിരുന്ന ആൾ ഒളിവിലാണ്.
Content Highlights: Woman stabbed 14 times in front of daughter over bad tip on pizza delivery