ടെഹ്റാൻ: ഇറ്റലിയിലെ പ്രശസ്ത മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റില്‍. 2018 ൽ അമരിക്ക കരിമ്പട്ടികയിലാക്കിയ ടെഹ്റാനിലെ എവിൻ ജയിലിലാണ് സാലയെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരെ പാർപ്പിക്കുന്ന ജയിലാണ് ഇത്. സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇറ്റലി രംഗത്ത് എത്തി.
കഴിഞ്ഞ ആഴ്ചയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച് സാലയെ അറസ്റ്റ് ചെയുന്നത്. ഇൽ ഫ്ലോഗിയ എന്ന പത്രത്തിലും ചോറ മീഡിയ എന്ന പോഡ്കാസ്റ്റിലുമാണ് സിസിലിയ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ച് വന്നത്. ഇറാനിലെ യുദ്ധ സാഹചര്യത്തിൽ നിന്ന് കൊണ്ട് വിവിധ റിപ്പോർട്ടുകൾ സാല പുറത്തുവിട്ടിരുന്നു. ഇറാനിലെ സാമൂഹികാവസ്ഥയും സത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമാണ് സിസിലിയ പുറത്ത് വിട്ട റിപ്പോർട്ടുകളിലെ ഉള്ളടക്കം. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഡിസംബർ 12 നാണ് സാലയെ അറസ്റ്റ് ചെയ്തതെന്നാണ് ഇറ്റാലിയൻ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നത്.
ഒരാഴ്ചയായി ഇവർ ടെഹ്റാനിലെ ജയിലിൽ ഏകാന്ത തടവിലാണ്. ഡിസംബർ 12 ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ ഇറാനിലെത്തിയ സാല നിരവധി അഭിമുഖങ്ങൾ നടത്തുകയും മൂന്ന് എപ്പിസോഡുകളായി സ്റ്റോറികൾ പുറത്ത് വിട്ടതായും ചോറ മീഡിയ വെളിപ്പെടുത്തി. സിസിലിയ സാലയെ ജയിലിൽ പോയി സന്ദർശിച്ചെന്നും അവർ ആരോഗ്യവതിയായിരിക്കുന്നുവെന്നും ഇറ്റാലിയൻ അംബാസിഡർ അറിയിച്ചു. ഇറാൻ സാലയെ നിയമ വിരുദ്ധമായാണ് തടവിലാക്കിയിരിക്കുന്നതെന്നും ഇതിൽ ശക്തമായ പ്രതിഷേധം അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാൻ ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. സിസിലിയ സാലയുടെ അറസ്റ്റിൻ്റെ പിന്നിലെ കാരണവും ഇതുവരെ ഇറാൻ വ്യക്തമാക്കിയിട്ടില്ല.
content highlight- Journalist Cecilia Sala arrested, held in solitary confinement in prison in Iran, blacklisted for human rights abuses