സോൾ: ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയൻ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം. തകരാർ മൂലം ബെല്ലി ലാൻഡിങ് ചെയ്യാൻ ശ്രമിച്ചതും വേണ്ട രീതിയിൽ ഫലവത്തായില്ല എന്നാണ് നിഗമനം.
വിമാനാപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പക്ഷിയിടിച്ചത് മൂലമാണോ അപകടം എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കണ്‍ട്രോള്‍ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് അധികമാകുമ്പോളേക്കും അപായ മുന്നറിയിപ്പ് സന്ദേശമായ മെയ്‌ഡേ സന്ദേശം പൈലറ്റുമാർ നൽകിയിരുന്നു. അതേസമയം, 179 പേർ മരിച്ച വിമാനാപകടത്തിൽ ഇന്ത്യ അനുശോചിച്ചു. അതീവദുഃഖത്തോടെയാണ് ഈ വാർത്ത തങ്ങൾ കേൾക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് ഈ നിമിഷത്തിൽ ഇന്ത്യൻ എംബസി എന്നും സോളിലെ ഇന്ത്യൻ സ്ഥാനാധിപതി അമിത് കുമാർ അറിയിച്ചു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ ജീവനക്കാരുമായിരുന്നു. 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ട് പേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമായിരുന്നു. അപകടത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ജെജു എയര്‍ അധികൃതര്‍ രംഗത്തെത്തി. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Landing gear likely a cause of south korean aircrash