ലാഹോർ: അച്ഛനെ നഷ്ടപ്പെട്ട തന്നെ 18 വർഷം ഒറ്റയ്ക്ക് നോക്കിവളർത്തിയ അമ്മയ്ക്ക് മകന്റെ സമ്മാനം ഒരു പുതുജീവിതം. ഇത്രയും കാലം തന്നെ നന്നായി നോക്കിയതിന് തന്റെ പ്രത്യുപകാരം എന്ന അടികുറിപ്പിൽ അമ്മയുടെ രണ്ടാം വിവാഹം മുൻകൈ എടുത്തുനടത്തിയിരിക്കുകയാണ് ഒരു പാക് യുവാവ്.
അബ്ദുൽ അഹദ് എന്ന യുവാവാണ് തന്റെ അമ്മയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ വളരെ വൈകാരികമായി പകർത്തിയിരിക്കുന്നത്. കൂടെ വളരെ വൈകാരികമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ 18 വർഷമായി ഞാൻ എന്റെ പരിധികൾക്കുള്ളിൽ നിന്ന് അമ്മയ്ക്ക് ഏറ്റവും നല്ല ജീവിതം നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ അമ്മ അവരുടെ മൊത്തം ജീവിതം എനിക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു. അവർ കൂടുതൽ സമാധാനപരമായ ഒരു ജീവിതം ഇപ്പോൾ അർഹിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ ഒരു ശരിയായ തീരുമാനമെടുത്തു. പ്രണയത്തിൽ അമ്മയ്ക്ക് ഒരു രണ്ടാം അവസരം കൂടി ഉണ്ടാക്കിക്കൊടുക്കാൻ എനിക്ക് സാധിച്ചു, അതും 18 വർഷത്തിന് ശേഷം'; കുറിപ്പ് ഇങ്ങനെയാണ്.
അബ്ദുൽ അഹദ് പങ്കുവെച്ച വീഡിയോയും വളരെ മനോഹരമാണ്. വീഡിയോയിൽ വിവാഹവസ്ത്രങ്ങളിൽ അതീവസുന്ദരിയായാണ് അഹദിന്റെ അമ്മ കാണപ്പെടുന്നത്. കാണുന്ന ആരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്ന വീഡിയോക്ക് ശേഷം എങ്ങനെയാണ് താൻ അമ്മയോട് ഇക്കാര്യം പറഞ്ഞതെന്നും അഹദ് വെളിപ്പെടുത്തുന്നുണ്ട്. ആദ്യമെല്ലാം തനിക്ക് ഈ വിവരം അമ്മയെ അറിയിക്കാൻ മടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ നിങ്ങളുടെയെല്ലാം പോസിറ്റിവ് പ്രതികരണങ്ങൾ എന്നെ കൂടുതൽ സന്തോഷവാനാക്കുന്നുവെന്നും അഹദ് പറയുന്നുണ്ട്.
അഹദ് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേർ അവരുടെ സന്തോഷങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അഹദ് മികച്ച ഒരു മകനാണെന്നും ഓർമ്മയ്ക്ക് ചെയ്യാവുമാണ് ഏറ്റവും നല്ല കാര്യമാണ് അഹദ് ചെയ്തതെന്നും ചിലർ പറയുന്നു. ചിലർ അഹദ് ഒരു റോൾ മോഡൽ ആണെന്ന് പറഞ്ഞും അമ്മയുടെ പുതിയ ജീവിതത്തിന് ആശംസകൾ നേർന്നുകൊണ്ടും നിരവധി പേർ സന്തോഷം രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും കാണുന്നവരുടെ മനസ്സിൽ ഒരു കൊച്ചുസന്തോഷം മുളപ്പിക്കുന്ന അഹദിന്റെ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Content Highlights: Pak man gifts his mother a second life, shares emotional video