ഡമാസ്കസ്: സിറിയയിലെ ഇറാൻ പിന്തുണയിൽ നിർമിച്ച മിസൈൽ പ്ലാന്റ് തകർത്തതിന്റെ പൂർണവിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് ഇസ്രയേൽ. 2024 സെപ്റ്റംബർ എട്ടിന് നടന്ന, ഭൂമിക്കടിയിലെ മിസൈൽ കേന്ദ്രത്തിൽ നടന്ന സൈനിക ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് ഇസ്രയേലി എയർ ഫോഴ്‌സ് പുറത്തുവിട്ടത്.
'ഓപ്പറേഷൻ മെനി വേയ്സ്' എന്ന് പേരിട്ട സൈനിക ഓപ്പറേഷനിൽ 120 സൈനികരാണ് പങ്കെടുത്തത്. 'ഡീപ് ലേയർ' എന്ന് സിറിയ പേരിട്ടിരുന്ന ഭൂഗർഭ മിസൈൽ കേന്ദ്രത്തിലേക്ക് ഇസ്രയേലി സൈനികർ ഇരച്ചുകയറുന്നതും മിസൈലുകൾ അടക്കം ഉണ്ടായിരുന്ന കേന്ദ്രം തകർക്കുകയുമാണ് ചെയ്യുന്നത്. സിറിയൻ വ്യോമസേനയുടെ ശക്തികേന്ദ്രമായ, പശ്ചിമ സിറിയയിലെ മസ്യാഫ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഭൂഗർഭ മിസൈൽനിർമാണ കേന്ദ്രത്തിലായിരുന്നു ഈ സൈനിക ഓപ്പറേഷൻ നടന്നത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിച്ചുവന്നിരുന്ന ഈ മിസൈൽ നിർമാണ കേന്ദ്രത്തിൽ നിന്നായിരുന്നു ഹിസ്‌ബൊള്ളയ്ക്കും സിറിയൻ സുരക്ഷാ സേനയ്ക്കും ആയുധങ്ങൾ വിതരണം ചെയ്യാനിരുന്നത്.
DECLASSIFIED: In September 2024, before the fall of the Assad Regime, our soldiers conducted an undercover operation to dismantle an Iranian-funded underground precision missile production site in Syria.
— Israel Defense Forces (@IDF) January 2, 2025
Watch exclusive footage from this historic moment. pic.twitter.com/s0bTDNwx77
നേരത്തെയും ഈ മിസൈൽ നിർമാണ കേന്ദ്രത്തിനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഇനിയൊരു ആക്രമണം ഉണ്ടാകരുതെന്ന് കരുതി 2017ൽ ഇറാൻ ഈ കേന്ദ്രത്തിന്റെ നിർമാണം ഭൂമിക്കടിയിലേക്ക് മാറ്റുകയായിരുന്നു. 2021ൽ ഇവ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ കേന്ദ്രമാണ് ഇപ്പോൾ ഇസ്രയേൽ തകർത്തിരിക്കുന്നത്.
മൂന്ന് പ്രവേശനകവാടങ്ങളാണ് ഈ കേന്ദ്രത്തിനുള്ളത്. ആയുധ സാമഗ്രികൾ കൊണ്ടുവരാൻ ഒന്ന്, നിർമാണം കഴിഞ്ഞ മിസൈലുകൾ പുറത്തെത്തിക്കാൻ മറ്റൊന്ന്, ഓഫീസിലേക്ക് പോകാനും മറ്റുമായി വേറെയൊരു വാതിൽ എന്നിങ്ങനെയാണത്. ഓരോ വർഷവും മുന്നൂറ് മിസൈലുകളോളം നിര്മിക്കാനാകുമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടിയിരുന്നത്.
വർഷങ്ങളോളം നിരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഇസ്രയേൽ സേന ഈ അക്രമണത്തിന് തയ്യാറെടുത്തത്. ഇന്റലിജൻസ് ഏജൻസികൾ അടക്കം നിരവധി പേർ ഈ കേന്ദ്രത്തിനെപ്പറ്റി നിരന്തരം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഹമാസുമായി സംഘർഷമാരംഭിച്ചതോടെയാണ് ഇസ്രയേൽ പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച്, ആക്രമണം നടത്തേണ്ട പരിതഃസ്ഥിതികളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്തി, കഠിനമായ പരിശീലനം സേന അംഗങ്ങൾക്ക് നൽകിയ ശേഷമാണ് ഇസ്രയേൽ രംഗത്തിറങ്ങിയത്. തുടർന്ന് വെറും മൂന്ന് മണിക്കൂർ മാത്രമെടുത്ത് കാര്യങ്ങൾ പൂർത്തിയാക്കി മടങ്ങി.
Content Highlights: Israeli forces simply destroys iran backed missile centre