ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ഇന്ന്? കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഭരണപ്രതിസന്ധി

എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതാണ് രാജി അഭ്യൂഹങ്ങള്‍ക്കിടയായത്

dot image

ഓട്ടവ: ഒമ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ട്രൂഡോ ഒരുങ്ങുന്നുവെന്നാണ് വിവരം. പ്രധാനമന്ത്രി സ്ഥാനം ഉടന്‍ രാജിവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണമില്ല. എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതാണ് രാജി അഭ്യൂഹങ്ങള്‍ക്കിടയായത്. ട്രൂഡോയുടെ ഓഫീസിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പാണെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രൂഡോയുടെ രാജി നീക്കം. ലിബറല്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതൃയോഗം ബുധനാഴ്ച ചേരുന്നതിന് മുന്നോടിയായി ട്രൂഡോ നേതൃസ്ഥാനം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലിബറല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ട്രൂഡോയ്ക്ക് എതിരാണ്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേരാണ് ട്രൂഡോയുടെ എതിപക്ഷത്തുള്ളത്. 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. യുഎസ് ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും റോയ്ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഒഴിവാക്കാനും ഇടക്കാല പ്രധാനമന്ത്രിയായി തുടരാനും കനേഡിയന്‍ പാര്‍ലമെന്റ് സെഷന്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ പദ്ധതിയിടുന്നതായും വിവരം ഉണ്ട്. ഉടനെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ട്രൂഡോ പാര്‍ട്ടി നേതൃസ്ഥാനം മാത്രം രാജിവെക്കുന്നത്. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചാല്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരാനും സാധ്യതയുണ്ട്. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ നാല് മാസം വരെയെടുക്കും. ട്രൂഡോ രാജിവച്ചാല്‍, പാര്‍ട്ടി ഒരു പ്രത്യേക നേതൃത്വ കണ്‍വെന്‍ഷന്‍ ചേർന്ന് ഒരു ഇടക്കാല നേതാവിനെ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തും.

Content Highlights: Canadian PM Justin Trudeau To Resign

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us