കാലിഫോർണിയ: യുഎസിലെ ലോസ് ആഞ്ചൽസിൽ ചൊവ്വാഴ്ച മുതല്‍ പടർന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഇനിയും മരണസംഖ്യ ഉയരുമെന്ന് റിപ്പോർട്ടുണ്ട്. അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,500 കെട്ടിടങ്ങൾ വരെ തീപിടുത്തത്തിൽ കത്തിനശിച്ചു, 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. ഒരു ലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ പ്രധാന കാരണം.
ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സിലെ തീപിടിത്തത്തിലും വ്യാപക നാശനഷ്ടമുണ്ടായി. താരങ്ങളുടെ വീടുകള്‍ അടക്കം കത്തിനശിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നിര്‍ബന്ധിത ഒഴിപ്പിക്കലും ഇവിടെ നടത്തി. അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. സമീപത്തെ കുറ്റിക്കാട് തെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികള്‍ സുരക്ഷിതമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു. അതേസമയം, യുഎസിലെ ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ഉത്തരധ്രുവത്തില്‍നിന്നുള്ള തണുത്തകാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സസ്, കെന്റക്കി, വാഷിങ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയിരുന്നു.
Content Highlights : Los Angeles wildfires devour more homes even as fierce winds start to ease