മോസ്കോ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രൈൻ ആക്രമണത്തിൽ പരിക്കേറ്റ തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് പരിക്കേറ്റിരുന്നു. ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്. ബിനിലിന് ഗുരുതരമായി പരിക്കേറ്റ വിവരം കൂടെയുള്ള ബന്ധു കൂടിയായ ജെയിൻ നേരത്തെ അറിയിച്ചിരുന്നു. ഉക്രൈനിൽ വെച്ച് ജെയിനും പരിക്കേറ്റിരുന്നു. നിലവിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ചികിത്സയിൽ കഴിയുകയാണ് ജെയിൻ. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ 4നാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. 2 പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്
റഷ്യയുടെ യുദ്ധത്തിൽ 300 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയും 2,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രൈൻ തടങ്കലിലാക്കി. 10,000-ത്തിലധികം സൈനികരെയാണ് കിം ജോങ് ഉൻ ഉത്തര കൊറിയയിൽ നിന്നും റഷ്യയിലേക്ക് അയച്ചത്. അതേ സമയം, റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇതുവരെ രണ്ടായിരത്തി അഞ്ഞൂറോളം യുക്രൈൻ കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്‍റെ കണക്ക്. യുദ്ധത്തിൽ യുക്രൈനിലെ നിരവധി സ്‌കൂളുകൾക്ക് നേരെ ബോംബാക്രമണമുണ്ടായെന്നും നിരവധി വീടുകൾ തകർക്കപ്പെട്ടുവെന്നും യൂണിസെഫ് അറിയിച്ചു. പല കുടുംബങ്ങളും വിവിധയിടങ്ങളിലായി മാറിത്താമസിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി.
Content Highlights: 32-year-old Kerala native trapped in Russia-Ukraine warzone Killed