വാഷിങ്ടണ്‍: അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. ഇത് ജനാധിപത്യത്തിനും തുല്യ അവകാശങ്ങള്‍ക്കും ഭീഷണിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ അടിസ്ഥാന ആശയം എല്ലാവര്‍ക്കും തുല്യ നീതിയും അവസരങ്ങളുമാണെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി. ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ സമ്പന്നരുടെ ഭീഷണിക്കെതിരെയും എഐയുടെ തെറ്റായ വിവരങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അടുത്തയാഴ്ച സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ബൈഡന്റെ പ്രസംഗം.
'ഇന്ന് അമേരിക്കയില്‍ അതിരുകടന്ന സമ്പത്തിന്റെയും സ്വാധീനത്തിന്റെയും പ്രഭുവര്‍ഗം രൂപപ്പെട്ടു വരുന്നു. അത് നമ്മുടെ മുഴുവന്‍ ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തുന്നതാണ്',അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ മാധ്യമസ്വാതന്ത്യം വഷളാകുന്നുവെന്നും ബൈഡന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തകരുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ആളുകള്‍ ദുര്‍ബലരാണെന്നുമാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ വസ്തുതാ പരിശോധന അവസാനിപ്പിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. സത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ ഗാസ സമാധാനക്കരാര്‍ നേട്ടമായി എടുത്ത് പറഞ്ഞാണ് ബൈഡന്‍ പ്രസംഗം ആരംഭിച്ചത്. തന്റെ ടീമാണ് ഗാസ ഇസ്രയേല്‍ സമാധാന കരാറിനായി പ്രയത്‌നിച്ചതെന്ന് ബൈഡന്‍ വ്യക്തമാക്കി.
Content Highlights: Joe Biden s farewell speech about Oligarchy