ടെൽ അവീവ് : ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അപ്രതീക്ഷിത നീക്കവുമായി ഇസ്രയേൽ. ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികൾ ആരാണെന്ന് ഹമാസ് കൃത്യമായി വ്യക്തമാക്കാതെ കരാറുമായി സഹകരിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ആദ്യദിനം മോചിപ്പിക്കുന്ന 3 ബന്ദികൾ ആരൊക്കെയാണെന്ന് ഹമാസ് വെളിപ്പെടുത്തണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഞായറാഴ്ച രാവിലെ ഇസ്രയേൽ സമയം 8.30ന് ആണ് ബന്ദികളെ കൈമാറാൻ ഇരുകൂട്ടരും തമ്മിൽ ധാരണയായത്. എന്നാൽ ബന്ദികളുടെ പട്ടിക ഇതുവരെ ഹമാസ് കൈമാറിയിട്ടില്ല.
ഹമാസ് കരാർ ലംഘിക്കുന്നുവെന്നാണ് നെതന്യാഹുവിന്റെ ആരോപണം. പട്ടിക കൈമാറാതെ കരാറുമായി മുന്നോട്ടില്ലെന്ന് നെതന്യാഹു ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ‘കരാർ ലംഘനങ്ങൾ ഇസ്രയേൽ സഹിക്കില്ല. ഇതിന്റെ ഉത്തരവാദിത്വം ഹമാസിനു മാത്രമാണ്’ എന്നായിരുന്നു പ്രസ്താവന. 24 മണിക്കൂർ മുമ്പ് മോചിപ്പിക്കുന്നവരുടെ വിവരങ്ങൾ കൈമാറണമെന്നാണ് കരാറിലെ ധാരണയെന്നും , വിവരക്കൈമാറ്റത്തിനുള്ള സമയം അതിക്രമിച്ചുവെന്നും ഇസ്രയേൽ പറഞ്ഞു. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് നെതന്യാഹു ഇസ്രയേൽ ജനതയെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
Content Highlights : Gaza ceasefire prisoner exchange faces uncertainty