ഗാസ വെടിനിർത്തൽ; ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ

70 സ്ത്രീകളും 25 പുരുഷന്മാരും ഉൾപ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചിരുന്നു

dot image

ടെൽഅവീവ്: ഗാസ വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ. ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാ‍ർ അം​ഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

16 നും 18 നും ഇടയിൽ പ്രായമുള്ള 25 പ്രായപൂർത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തടവുകാരുടെയും പേരുകൾ മന്ത്രാലയം പുറത്തുവിട്ടു. 70 സ്ത്രീകളും 25 പുരുഷന്മാരും ഉൾപ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.

മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്ന കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ​ഗാസയിൽ തടവിൽ കഴിയുന്ന 33 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും.

പതിനഞ്ച് മാസത്തോളമായി തുടരുന്ന ​ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിർത്തൽ കരാറിന് നേരത്തെ ഇസ്രയേലി ക്യാബിനറ്റ് അം​ഗീകാരം നൽകിയിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോ​ഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അം​ഗീകാരം നൽകിയത്. 'ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സർക്കാർ അം​ഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന' ചുരുങ്ങിയ വാക്കുകളിലുള്ള പ്രസ്താവനയാണ് വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്ത് വിട്ടത്.

ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോ​ഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോ​ഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിൻ്റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അം​ഗീകാരം നൽകിയിരുന്നു.

കരാർ പ്രകാരം ആദ്യത്തെ ആറാഴ്ചത്തെ വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിൽ വരിക. ഈ കാലയളവിൽ ഹമാസ് ​ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും. ഇതിന് പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസതീൻ തടവുകാരെ ഇസ്രയേൽ ഭരണകൂടവും വിട്ടയയ്ക്കും.

ഗാസയിൽ വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ച ഖത്തർ ഭരണാധികാരിയുടെ പ്രഖ്യാപനം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായക കരാർ യഥാർത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തൽ കരാർ നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേൽ ജയിലിലുള്ള ആയിരം പലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും മടക്കം.

Content Highlights: Israel to release 735 Palestinian prisoners during deal's first phase

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us