ഒടുവിൽ ഇസ്രയേൽ വഴങ്ങി; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ഞായറാഴ്ച മുതൽ പ്രബല്യത്തിൽ

ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോ​ഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്

dot image

ടെൽഅവീവ്: പതിനഞ്ച് മാസത്തോളമായി തുടരുന്ന ​ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകി ഇസ്രയേലി ക്യാബിനറ്റ്. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോ​ഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അം​ഗീകാരം നൽകിയിരിക്കുന്നത്. 'ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സർക്കാർ അം​ഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന' ചുരുങ്ങിയ വാക്കുകളിലുള്ള പ്രസ്താവനയാണ് വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്.

ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോ​ഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോ​ഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിൻ്റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അം​ഗീകാരം നൽകിയിരുന്നു.

കരാർ പ്രകാരം ആദ്യത്തെ ആറാഴ്ചത്തെ വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിൽ വരിക. ഈ കാലയളവിൽ ഹമാസ് ​ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും. ഇതിന് പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസതീൻ തടവുകാരെ ഇസ്രയേൽ ഭരണകൂടവും വിട്ടയയ്ക്കും.

ഞായറാഴ്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്കയുടെ ഭാ​ഗത്ത് നിന്നും മധ്യസ്ഥം വഹിച്ച ബ്രെറ്റ് മക്ഗുർക്കിനെ ഉദ്ധരിച്ച് വാർത്തകൾ വരുന്നത്. ഞായറാഴ്ച രാവിലെ മൂന്ന് വനിതാ ബന്ദികളെ റെ‍ഡ്ക്രോസ് വഴി ഇസ്രയേലിന് കൈമാറുന്നതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് മക്ഗുർക്ക് പ്രതികരിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് ബന്ദികളെ മോചിപ്പിച്ച് ഏഴാം ദിവസം നാല് വനിതാ ബന്ദികളെ കൂടി ഹമാസ് വിട്ടയയ്ക്കുമെന്നാണ് നിലവിലെ ധാരണയെന്നും മക്ഗുർക്കിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അതിന് ശേഷം ഓരോ ഏഴ് ദിവസം കൂടുമ്പോഴും കൂടുതൽ തടവുകാരെ വീതം വിട്ടയയ്ക്കും. ഇസ്രയേലിൻ്റെ നിയമകാര്യ മന്ത്രാലയം വിട്ടയയ്ക്കുന്ന 95 പാലസ്തീൻ തടവുകാരുടെ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.

വെടിനിർത്തൽ കരാറിൻ്റെ പശ്ചാത്തലത്തിൽ വെടിനിർത്തലിന് പിന്നാലെയുള്ള സാഹചര്യം നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജമാണെന്ന് പലസ്തീൻ അതോറിറ്റ് പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.പ്രസിഡൻ്റ് അബ്ബാസിൻ്റെ നിർദ്ദേശപ്രകാരം 'പലസ്തീൻ സർക്കാർ ഗാസ മുനമ്പിലെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി.സർക്കാരിൻ്റെ ഭരണനിർവ്വഹണ, സുരക്ഷാ ടീമികൾ അവരുടെ ചുമതലകൾ നിറവേറ്റാൻ പൂർണ്ണമായി തയ്യാറാണ് എന്നായിരുന്നു മഹമൂദ് അബ്ബാസിൻ്റെ പേരിലുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ച ഖത്തർ ഭരണാധികാരിയുടെ പ്രഖ്യാപനം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം.

Content Highlights: Israeli cabinet approves Gaza ceasefire deal with Hamas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us