ന്യൂയോർക്ക്: ജനുവരി 20 ന് നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും പങ്കെടുക്കും. ഇരുവർക്കും ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക
സ്ഥാനാരോഹണ ദിനത്തിൻ്റെ തലേ ദിവസം ട്രംപിനൊപ്പം മുകേഷ് അംബാനിയും നിതയും അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അംബാനിയെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, സേവ്യർ നീൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം വിദേശ കാര്യ മന്ത്രി എസ് ജയശങ്കറാകും ചടങ്ങിൽ പങ്കെടുക്കുക.
സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചതായാണ് റിപ്പോർട്ട്. അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലേയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തേക്കും.
content highlight- Mukesh Ambani and Nita Ambani as guests at Donald Trump's inauguration