ടെൽഅവീവ്: ഗാസയിലെ വെടിനിർത്തൽ വൈകുമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രിയുടെ നിലപാട് മാറ്റം. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്ത് വിടുന്നത് വരെ വെടിനിർത്തൽ ആരംഭിക്കരുതെന്ന് സൈന്യത്തിന് നിർദ്ദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി മൂന്ന് വനിതാ ബന്ദികളെ ഹമാസ് ഇന്ന് വിട്ടയയ്ക്കുമെന്നായിരുന്നു ധാരണ. എന്നാൽ ഇവരുടെ പട്ടിത ഹമാസ് കൈമാറിയിട്ടില്ലെന്നാണ് ഇസ്രയേലിൻ്റെ ആരോപണം.
ഇന്ന് രാവിലെ 8.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ധാരണ. വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്നാണ് ധാരണ. ഇത് പ്രകാരം ശനിയാഴ്ച വൈകുന്നേരം 4.30നെങ്കിലും ഹമാസ് ബന്ദികളുടെ പേര് വിവരം കൈമാറേണ്ടതായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ആയിട്ടും മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം പക്ഷെ ഹമാസ് പുറത്ത് വിട്ടിട്ടില്ല. ആകെ 98 ബന്ദികൾ ഗാസയിൽ ഹമാസിൻ്റെ തടവിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
സാങ്കേതികമായ കാരണങ്ങളാണ് ഞായറാഴ്ച കൈമറുന്ന ബന്ദികളുടെ പേര് വിവരങ്ങൾ കൈമാറാൻ വൈകുന്നതെന്നാണ് ഹമാസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ മോചിതരാക്കുന്ന ബന്ദികളുടെ പേര് വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്നാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ധാരണ പ്രകാരം കൈമാറുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറാത്ത പക്ഷം സൈന്യത്തോട് ഗാസയിൽ നിന്നും പിന്മാറരുതെന്നാണ് നെതന്യാഹുവിൻ്റെ ഓഫീസ് നൽകിയിരിക്കുന്ന നിർദ്ദേശം. വെടിനിർത്തൽ കരാറിലെ ധാരണകൾ തെറ്റിക്കുന്നതിനോട് ഇസ്രയേൽ സഹിഷ്ണുത കാണിക്കില്ലെന്നും എല്ലാ ഉത്തരവാദിത്വവും ഹമാസിനാണെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ച ഖത്തർ ഭരണാധികാരിയുടെ പ്രഖ്യാപനം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം.
Content Highlights: As ceasefire nears, Hamas yet to provide names of hostages slated for release Sunday