ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക പരിസമാപ്തിയായിരിക്കുന്നത്.
റോമി ഗോനെന്‍, എമിലി ഡാമാരി, ഡോരോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ എന്നിവരെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. പ്രാദേശിക സമയം നാലു മണിയോട് കൂടി മൂന്ന് ബന്ദികളെയും മോചിപ്പിക്കും. ഏഴ് ദിവസത്തിനകം നാല് വനിതാ ബന്ദികളെയും മോചിപ്പിക്കും. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാദേശിക സമയം 11.15ന് ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചിട്ടുണ്ട്. മാനുഷിക സഹായവുമായി 4,000 ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാനായി തയ്യാറായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു.
അതേസമയം, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിലെ സഖ്യകക്ഷിയായ ഒറ്റ്‌സ്മ യെഹൂദിറ്റ് പാര്‍ട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് ഇവരുടെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവര്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് രാജികത്ത് സമര്‍പ്പിച്ചു. മന്ത്രിസഭയില്‍ നിന്ന് പിന്മാറുന്നുവെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
Content Highlights : Gaza Ceasefire Begins After Hamas Shares Names Of 3 Hostages To Be Freed Today