ചൈന 'ചൂഷകര്‍'; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ്

ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ്

dot image

വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ ആലോചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മെക്‌സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനില്‍ അയക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ചൂഷകരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

അതേസമയം വ്യാപാര യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്ന് ചൈനയും പ്രതികരിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 60 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മെക്‌സിക്കോയിലും കാനഡയിലും 25 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ചൈനയുടെ താരിഫിനെക്കുറിച്ച് പറഞ്ഞത്.

അമേരിക്കയിലേക്ക് രേഖകളില്ലാത്ത കുടിയേറ്റക്കാരെയും മയക്കുമരുന്നുകളും പ്രവേശിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ട്രംപ് നികുതി ചുമത്തിയത്. യൂറോപ്യന്‍ യൂണിയനെയും ട്രംപ് വിമര്‍ശിച്ചു. 'ഇയു വളരെ മോശമായാണ് ഞങ്ങളോട് പെരുമാറുന്നത്. അതുകൊണ്ട് അവര്‍ താരിഫുകള്‍ക്ക് വിധേയരാകേണ്ടി വരും', അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ പല തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. രണ്ടാമത് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുപ്രധാന ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു. ബൈഡന്‍ പുറപ്പെടുവിച്ച 78 ഉത്തരവുകളാണ് അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയത്.

Content Highlights: Trump considers 10% tariff on China made products

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us