ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു

dot image

വാഷിം​ഗ്ടൺ: അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടവേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ജോൺ കോഗ്നോറിന്റെ നി‍ർണായക പ്രഖ്യാപനം. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്.

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്. ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും, നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. ഈ ഉത്തരവ് ഒരു വർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ബാധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ നിയമ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേ സമയം അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും ഇന്ത്യ തിരിച്ചു വിളിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. മറ്റ് പല രാജ്യങ്ങളെയും പോലെ ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം ഇതിലുമധികമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്രംപ് അധികാരമേറ്റ ഉടൻ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights : Federal judge temporarily blocks Trump’s executive order ending birthright citizenship

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us