ദാവോസ്: വിവിധ രാജ്യങ്ങൾക്ക് നേരെ ഉയർത്തിയ നികുതി, തീരുവ 'ഭീഷണി'ക്ക് പിന്നാലെ ആഗോള കമ്പനികളെയും ഭീഷണിപ്പടുത്തി ഡൊണാൾഡ് ട്രംപ്. ആഗോള കമ്പനികൾ അമേരിക്കയിൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ ഇനി മുതൽ ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസില്‍ ഉത്പാദനം നടത്തുന്നവര്‍ക്ക് നികുതിയിളവ് നല്‍കുമെന്നും ട്രംപ് അറിയിച്ചു. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിൽ വെച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
വീഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് സൗദിയോടും എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണവില കുറയ്ക്കാനാവശ്യപ്പെടുമെന്നും, എണ്ണ വില കുറഞ്ഞാൽ തന്നെ റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ എണ്ണ നിക്ഷേപം താൻ പരമാവധി ഉപയോഗപ്പെടുത്താൻ പോകുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കാൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യക്കെതിരെയും ചൈനക്കെതിരെയും ട്രംപ് ഇത്തരത്തിൽ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്നും യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ ഉയർന്ന നികുതി ഏർപ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ, ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ഭീഷണികൾ തുടരവേ, ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യാനുള്ള സിയാറ്റിലിലെ ഫെഡറൽ ജഡ്ജിന്റെ തീരുമാനം ട്രംപിന് വലിയ തിരിച്ചടിയായി. 14 ദിവസത്തേക്കാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജ് ജോൺ കോഗ്നോറിന്റെ നിർണായക പ്രഖ്യാപനം.
വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.
അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്.
Content Highlights: Trump threat to global companies on tax