ബന്ദിമോചനം തുടരുന്നു; നാല് വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്

കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്

dot image

ഗാസ: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന് പിന്നാലെയുള്ള ബന്ദി മോചനം തുടരുന്നു. ഇന്ന് നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവരെ റെഡ് ക്രോസ് അംഗങ്ങള്‍ക്ക് കൈമാറി.

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ബന്ദികളാക്കിയ നാല് സ്ത്രീകളെയും ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഒസെഡ് സൈനിക താവളത്തില്‍ നിന്നാണ് നാല് പേരെയും ഹമാസ് ബന്ദികളാക്കിയത്. കരാര്‍ പ്രകാരം ഇന്ന് ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും.

ആദ്യഘട്ടത്തില്‍ മൂന്ന് ബന്ദികളെയായിരുന്നു ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയായിരുന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാര്‍ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ കരാറില്‍ നിന്ന് പിൻവലിഞ്ഞു. സാങ്കേതിക പ്രശ്‌നമാണ് പട്ടിക കൈമാറാന്‍ വൈകിയതിന് കാരണമെന്നായിരുന്നു ഹമാസ് നല്‍കിയ വിശദീകരണം. അതോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ വലിയ ആഘോഷമാണ് നടന്നത്.

Content Highlights: Hamas freed four Israel women soldier

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us