ഒട്ടാവ: ചരക്കുകൾക്ക് ഇറക്കുമതി നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചടിയുമായി കാനഡ. 155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. തങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ വേണമിന്നില്ല, ഇത് ആവശ്യപ്പെട്ടിട്ടുമില്ല. കനേഡിയൻ ജനതയ്ക്കായി നിലകൊളളുന്നതിൽ നിന്ന് പിന്മാറില്ലെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് ഉടനടി നികുതി ഏർപ്പെടുത്തും. 125 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് 21 ദിവസത്തിനകം നികുതി ചുമത്തുമെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ടുളള ഇരുരാജ്യങ്ങളുടേയും നീക്കം ജനങ്ങൾക്ക് പ്രത്യാഘാതമുണ്ടാക്കുമെന്നും ട്രൂഡോ സൂചിപ്പിച്ചു.
എന്നാൽ കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാൽ നികുതി ഒഴിവാക്കുമെന്നായിരുന്നു ട്രംപിൻ്റെ പരിഹാസം. കാനഡയ്ക്ക് നൂറുകണക്കിന് ബില്യൺ ഡോളറാണ് യുഎസ് സബ്സിഡിയായി നൽകുന്നത്. ഈ സബ്സിഡി ഇല്ലെങ്കിൽ കാനഡ ഒരു രാജ്യമായി തന്നെ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അമേരിക്കയുടെ സംസ്ഥാനമാവുകയാണെങ്കിൽ കാനഡയിലെ ജനങ്ങൾക്ക് മികച്ച സൈനിക സംരക്ഷണം നൽകുമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതേസമയം ട്രംപിൻ്റെ നിലപാടിനെ കാനഡ തള്ളിയിരുന്നു.
കാനഡയ്ക്ക് മേൽ അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താനുളള നീക്കവുമായി ട്രംപ് മുന്നോട്ടുപോവുകയാണെങ്കിൽ തിരച്ചടിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം. കാനഡക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പത്ത് ശതമാനവും നികുതി ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു.
Content Highlights: Trudeau Respond Trump Triff Canada Impose Tariff to US Goods