വാഷിങ്ടൺ: ചൈനയ്‌ക്കെതിരെ വ്യാപാര നികുതി ഏർപ്പെടുത്തിയ വിഷയത്തിൽ ബെയ്ജിങ്ങുമായി കൂടിയാലോചനകൾക്ക് തിടുക്കം കാണിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കുന്നതിന് തിടുക്കമില്ലെന്നാണ് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തിയത് അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഷി ജിൻപിങ്ങ്- ട്രംപ് കോൾ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പക്ഷേ ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാർ തമ്മിൽ സംസാരിച്ചേക്കാം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ട്രംപിനെ സമീപിച്ചിരുന്നു. എന്തായിരിക്കും ഇവർ സംസാരിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം എന്നും കരോലിൻ പറഞ്ഞു.
ചൈനയിൽ നിന്നുളള ഇറക്കുമതിക്ക് പത്ത് ശതമാനം നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന യുഎസിൽ നിന്നുളള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. യുഎസിൽ നിന്നുളള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തുമെന്നാണ് ചൈനയുടെ പ്രഖ്യാപനം.
യുഎസിൽ നിന്നുളള ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയ്ക്ക് 15 ശതമാനവും, ക്രൂഡ് ഓയിൽ കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്ക് പത്ത് ശതമാനവുമാണ് ചൈന തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ ലംഘനത്തെ പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽ പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുളള വ്യാപാര യുദ്ധം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ചൈനയ്ക്ക് പുറമെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കുമേലും ട്രംപ് നികുതി ചുമത്തിയിരുന്നു. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും 25 ശതമാനം നികുതി ചുമത്തുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. പിന്നീട് കാനഡ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോ എന്നിവരുമായി ട്രംപ് നടത്തിയ ചർച്ചകൾക്ക് ശേഷം തീരുവ ചുമത്തുന്നത് മരവിപ്പിച്ചിരുന്നു.
മൂന്ന് രാജ്യങ്ങൾക്കെതിരെ ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കിയിട്ടുണ്ട്. കറൻസി, ഓഹരി വിപണികൾ തകർന്നു. യുഎസ് ഡോളറുമായുളള വിനിമയത്തിൽ രൂപ ഉൾപ്പെടെയുളള കറൻസികൾക്ക് ഇടിവുണ്ടായി. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്.
Content Highlights: US President Donald Trump in no hurry to Speak XI over New Tariff War