സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 11 ആയി ഉയര്‍ന്നതായി പൊലീസ്. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ആറ് പേരും മുതിര്‍ന്നവരാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്ക് വെടിയേറ്റ മുറിവാണെന്നും ഒരാള്‍ക്ക് അല്ലാതെയുള്ള ചെറിയ മുറിവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്. നിലവില്‍ കൊലപാതകം, വെടിവെപ്പ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിവ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒറെബ്രോയിലെ റിസ്‌ബെര്‍ഗ്‌സിലെ ക്യാമ്പസിലുണ്ടായ വെടിവെപ്പ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണെന്ന് സ്വീഡന്‍ പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റെര്‍സ്സണ്‍ പറഞ്ഞു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാധാരണ സ്‌കൂള്‍ ദിനം ഭയപ്പാടിന്റെ ദിനങ്ങളായി മാറിയവരെ കുറിച്ചാണ് എന്റെ ചിന്ത. ജീവിതത്തെക്കുറിച്ച് ഭയന്ന് ക്ലാസ്മുറിയില്‍ അടച്ചിരിക്കുന്നത് ആരും അനുഭവിക്കാത്ത പേടിസ്വപ്‌നമാണ്. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ഇത്രയും ഭീകരമായ ആക്രമണമുണ്ടായതെന്നും അന്വേഷിക്കാന്‍ പൊലീസിന് സാവകാശം നല്‍കണം', പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദ ആക്രമണമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ നിലവില്‍ അപകടം സംഭവിച്ചവരെ തിരിച്ചറിയാനുള്ള പ്രക്രിയയിലാണെന്നും മരിച്ചവരില്‍ മുഖ്യ പ്രതിയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പ്രാദേശിക പൊലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ആക്രമണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ആക്രമണമുണ്ടാകില്ലെന്ന് പറഞ്ഞ പൊലീസ് മേധാവി ക്യാമ്പസിലുണ്ടായ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരമായ സ്റ്റോക്ക്‌ഹോമില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. 20 വയസിനുള്ളില്‍ വരുന്ന വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിലുണ്ടായത്. സ്‌കൂള്‍ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് പ്രൈമറി, അപ്പര്‍ സെക്കൻഡറി കോഴ്‌സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കുടിയേറ്റക്കാര്‍ക്കുള്ള സ്വീഡിഷ് ക്ലാസുകള്‍, തൊഴില്‍ പരിശീലനം, ബുദ്ധിപരമായ വൈകല്യങ്ങളുള്ളവര്‍ക്കുള്ള കോഴ്‌സുകള്‍ എന്നിവയും കാമ്പസിൽ പഠിപ്പിക്കുന്നുണ്ട്.
ഏകദേശം പത്ത് തവണ വെടിവെക്കുന്ന ശബ്ദം കേട്ടതായി അധ്യാപികയായ ലെന വാറെന്‍മാര്‍കും പ്രതികരിച്ചു. പരീക്ഷയായതിനാല്‍ ഉച്ചയ്ക്ക് ശേഷം വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമേ ആക്രമണ സമയത്ത് ക്യാമ്പസിലുണ്ടായിരുന്നുള്ളുവെന്നും ടീച്ചര്‍ പറഞ്ഞു. വെടിവെപ്പിന് ശേഷം വിദ്യാര്‍ത്ഥികളെ സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Swedish police say 11 people dead in campus attack