'ട്രംപ് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണം'; പലസ്തീനികളെ ​പുറത്താക്കാനുളള നീക്കത്തിനെതിരെ അൻ്റോണിയോ ​ഗുട്ടറസ്

'അധിനിവേശം തടഞ്ഞ് സ്വതന്ത്ര പലസ്തീനുണ്ടാകണം, ഗാസ അതിൻറെ അവിഭാജ്യ ഘടകമാണ്'

dot image

ന്യൂയോർക്ക്: പലസ്തീനികളെ ഒഴിപ്പിച്ച് ​ഗാസ എറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ​ഗുട്ടറസ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം നാം പ്രശ്നം ​വഷളാക്കരുത്. ട്രംപ് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും പലസ്തീനികളെ ​ഗാസയിൽ നിന്ന് പുറത്താക്കാനുളള നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. യു എൻ കമ്മിറ്റിയിലാണ് ​ഗുട്ടറസ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് രാജ്യങ്ങൾക്കിടയിലും നമ്മൾ പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നും ​ഗുട്ടറസ് പറഞ്ഞു. അധിനിവേശം തടഞ്ഞ് സ്വതന്ത്ര പലസ്തീനുണ്ടാകണം, ഗാസ അതിൻറെ അവിഭാജ്യ ഘടകമാണ്. സ്വതന്ത്ര്യ പരമാധികാര പലസ്തീനും ഇസ്രയേലിനുമിടയിൽ സമാധാനം പുലരണം. എങ്കിൽ മാത്രമേ മിഡിൽ ഈസ്റ്റിൽ സ്ഥിരമായി സമാധാനം ഉണ്ടാവുകയുളളു, ഗുട്ടറസ് പറഞ്ഞു.

പലസ്തീനല്ലാതെ ഞങ്ങൾക്ക് മറ്റൊരു രാജ്യവുമില്ലെന്ന് പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ യു എൻ കമ്മിറ്റിയിൽ പറഞ്ഞു. ​ഗാസ പലസ്തീന്റെ അമൂല്യമായ ഭാ​ഗമാണ്. ​ഗാസ വിട്ട് ഞങ്ങൾക്ക് മറ്റൊരു രാജ്യത്തേക്ക് പോകാനാവില്ല, ജന്മനാട്ടിൽ നിന്ന് ഞങ്ങളെ പുറത്താക്കാൻ ഒരു ശക്തിക്കും സാധിക്കില്ല. ​ഗാസ പുനർനിർമ്മിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ​ഗാസയെ പുനരുദ്ധാരണം ചെയ്യുന്നതിന് ഞങ്ങൾ എല്ലാ രാജ്യങ്ങളുടേയും സഹായം അഭ്യർത്ഥിക്കുകയാണ്, ഞങ്ങളൊരിക്കലും മറ്റൊരു രാജ്യമോ ജന്മനാടോ ആ​ഗ്രഹിക്കുന്നില്ല', റിയാദ് മൻസൂർ കൂട്ടിച്ചേർത്തു.

Also Read:

ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ സൗദി അറേബ്യ രം​ഗത്തെത്തിയിരുന്നു. ​പലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന നിര്‍ദേശം നിരസിക്കുന്നതയായി സൗദി അറേബ്യ അറിയിച്ചിരുന്നു. പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുളള കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

'ഗാസ പുനർനിർമിച്ച് എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രദേശമാക്കും. ഹമാസിനെ ഉൻമൂലനം ചെയ്യും, പ്രദേശത്തെ എല്ലാ ബോംബുകളും ആയുധങ്ങളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും തയ്യാറാണ്. ഗാസയിൽ പുതിയ ഭവനങ്ങളും തൊഴിലുകളും സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റും. ഇത് വെറുതെ പറയുന്നതല്ല. താൻ പങ്കുവെച്ച ആശയം എല്ലാവർക്കും ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അങ്ങോട്ട് അയയ്‌ക്കേണ്ടി വന്നാൽ അതും ചെയ്യും', ട്രംപ് പറഞ്ഞു.

പലസ്തീൻ പൗരന്മാർ ജോർദാനിലേക്കോ, ഈജിപ്തിലേക്കോ പോകണമെന്ന തൻറെ മുൻ പ്രസ്താവനയെ ഊട്ടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് അവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: United Nations Chief Warns Trump Against Ethnic Cleansing in Gaza

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us