പാർട്ട് ടൈം ജോലികൾ ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ, ട്രംപിന്റെ നാടുകടത്തൽ ഭീഷണിയിൽ കുരുങ്ങി വിദ്യാർത്ഥികളും

കുറഞ്ഞ സാമ്പത്തിക ഭദ്രതയുളള കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ക്ഷീണമുണ്ടാക്കുന്നതാണ് ഈ നീക്കം

dot image

വാഷിങ്ടൺ: ട്രംപിന്റെ നാടുകടത്തിൽ ഭീഷണിയെ തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ജോലി സ്ഥലങ്ങളിൽ വരെ ഉദ്യോ​ഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ തിരിച്ചറിയൽ രേഖയും ജോലിയുമായി ബന്ധപ്പെട്ട രേഖകളും ഉദ്യോ​ഗസ്ഥർ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.

എഫ് വൺ വിസകളുളള വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുളളു. എന്നാൽ അധിക പണം ലഭിക്കുന്നതിന് വേണ്ടി ചില വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലിക്ക് വേണ്ടി നീക്കി വെക്കാറുണ്ട്. പാർട്ട് ടൈം ജോലികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ വലിയൊരു വിഭാ​ഗത്തെ ബാധിച്ചിട്ടുണ്ട്. നാടുകടത്തൽ ഭീഷണിയെ തുടർന്ന് പല വിദ്യാർത്ഥികളും ജോലി ഉപേക്ഷിച്ചുതുടങ്ങി. ഇത് വിദ്യാർത്ഥികളിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.

'കോളജിലെ ക്ലാസിന് ശേഷം ഞാൻ ആറ് മണിക്കൂർ ജോലി ചെയ്യാറുണ്ട്. ഒരു ദിവസം ഞാൻ പണിയെടുക്കുന്ന റെസ്റ്റോറന്റിൽ എത്തി ഉദ്യോ​ഗസ്ഥർ എല്ലാ തൊഴിലാളികളേയും ചോദ്യം ചെയ്തു. അവർ എന്റെ കോളജ് ഐ ഡി ചോദിച്ചു. ഈ അനുഭവം വളരെ ഭയാനകമായിരുന്നു. അതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഞാൻ രാജിവെച്ചു', അറ്റ്ലാൻ്റയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കുറഞ്ഞ സാമ്പത്തിക ഭദ്രതയുളള കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ക്ഷീണമുണ്ടാക്കുന്നതാണ് ഈ നീക്കം. 'എന്റെ അച്ഛൻ ഒരു കർഷകനാണ്. അദ്ദേഹത്തിൽ നിന്ന് പണം ചോദിക്കാൻ കഴിയില്ല. എനിക്ക് 30 ലക്ഷത്തിന്റെ ബാങ്ക് ലോണുണ്ട്. ഇത് എങ്ങനെ അടച്ചു തീർക്കുമെന്ന് എനിക്ക് അറിയില്ല', കംമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മഞ്ജുഷ നൂതി പറഞ്ഞു. പെട്രോൾ പമ്പിൽ പാർട്ട് ടൈമായി ജോലി ചെയ്തുവരികയാണ് നൂതി.

പഠനം അമേരിക്കയിലെന്ന സ്വപ്നത്തിന് കൂടി കർട്ടനിടുകയാണ് ട്രംപിന്റെ ഈ നാടുകടത്തിൽ ഭീഷണി. നിലവിൽ 104 ഇന്ത്യ‌ക്കാരെ അമേരിക്കൻ യുദ്ധ വിമാനത്തിൽ അമൃത്സറിൽ എത്തിച്ചിരുന്നു. വിലങ്ങ് അണിയിച്ചാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതെന്ന് തിരികെ വന്നവർ ആരോപിച്ചിരുന്നു.

ആദ്യഘട്ടത്തിൽ മടക്കി അയക്കാനുള്ള 18000 ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഘട്ടംഘട്ടമായി ഇന്ത്യയിലേക്ക് തന്നെ നാടുകടത്തും. രേഖകൾ ഇല്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശ പൗരൻമാരെ കുടിയൊഴിപ്പിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നിലവിൽ നാടുകടത്തുന്നത്.

‌പ്യൂ റിസര്‍ച്ച് കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, എൽ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്.

Content Highlights: Indian Students in USA Quitting Part Time Jobs Amid Trump Deportation Threats

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us