![search icon](https://www.reporterlive.com/assets/images/icons/search.png)
വാഷിങ്ടൺ: ഈ വർഷത്തെ പ്രണയ ദിനത്തിൽ ബ്രേക്ക് അപ്പ് ആയ യുവതീ- യുവാക്കൾക്കായി വ്യത്യസ്ത പരിപാടിയുമായി അമേരിക്കയിലെ മൃഗശാല. ന്യൂയോർക്കിലുളള ബ്രോങ്ക്സ്, ടെക്സാസിലെ സാൻ ആന്റോണിയോ, ഒഹായൊയിലെ കൊളംബസ് എന്നീ മൃഗശാലകളാണ് വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. പാറ്റകൾ, പുഴുക്കൾ, എലികൾ തുടങ്ങിയ ജീവികൾക്ക് കാമുകന്റേയൊ കാമുകിയുടേയൊ പേരിടുന്നതാണ് പരിപാടി.
സംഗതി അല്പം രസകരമായ പരിപാടിയാണെങ്കിലും ഇത്തരം ജീവികളുടെ സംരക്ഷണം കൂടിയാണ് മൃഗശാലകൾ ലക്ഷ്യമിടുന്നത്. ബ്രേക്ക് അപ്പ് കഴിഞ്ഞ് സിംഗിളായിരിക്കുന്നവർക്ക് മധുര പ്രതികാരത്തിനുളള അവസരം കൂടിയാണ് മൃഗാശാലകൾ വാലന്റൈൻസ് ദിനത്തിൽ ഒരുക്കുന്നത്. 'നെയിം എ റോച്ച്' എന്ന പേരിലാണ് ബ്രോങ്ക്സ് മൃഗശാല ചടങ്ങ് സംഘടിപ്പിക്കുന്നത്. മഡഗാസ്കർ ഹിസ്സിംഗ് കോക്രോച്ചിന് മുൻ കാമുകിയുടേയോ കാമുകന്റേയോ പേരിടാം എന്നാണ് റിപ്പോർട്ട്. പേരിടുന്നവർക്ക് മൃഗശാല സർട്ടിഫിക്കറ്റും നൽകും.
സാൻ ആന്റോണിയോ മൃഗശാലയിൽ സ്ക്വാഷ് യുവർ പാസ്റ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അവിടെ പാറ്റ, എലി, പച്ചക്കറികൾ എന്നിവയ്ക്ക് എക്സിന്റെ പേരിടാം. ഇവയെ മൃഗശാലയിലെ ജീവികൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യും. പുഴുക്കൾക്ക് മുൻ കാമുകിയുടേയും കാമുകന്റേയും പേരിടാനാണ് കൊളംമ്പസ് മൃഗശാല അവസരം നൽകിയിരിക്കുന്നത്. ഈ പുഴുക്കളെ അവിടെയുളള തേൻകരടികൾക്ക് ഭക്ഷണമായി നൽകും, അതിന്റെ വീഡിയോയും ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകും.
പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് പണം ഈടാക്കുന്നതാണ്. ബ്രോങ്ക്സ് മൃഗശാല 15 ഡോളറാണ് ഈടാക്കുന്നത്. 20 ഡോളർ അധികം നൽകിയാൽ പ്രാണിയുമായി വെർച്വൽ മീറ്റിംഗിനും മൃഗശാല അവസരമൊരുക്കിതരും. സാൻ ആന്റോണിയോ മൃഗശാലയിൽ അഞ്ച് മുതൽ 25 ഡോളർ വരെയാണ് മുടക്കേണ്ടി വരിക. കൊളംമ്പസ് മൃഗശാലയിൽ 15 ഡോളറാണ് ചിലവ്. കഴിഞ്ഞ വർഷം ബ്രോങ്ക്സ് മൃഗശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ 3200 ൽ അധികം ആളുകൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
Content Highlights: Name a Roach Valentines Day Programme Held by Zoo in America