![search icon](https://www.reporterlive.com/assets/images/icons/search.png)
ടെൽഅവീവ്: ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദി മോചനം പൂർത്തിയാക്കിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുകയാണെന്ന ഹമാസിൻ്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ബന്ദി മോചനം വൈകിയാൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന സൂചനയും നെതന്യാഹു നൽകിയിട്ടുണ്ട്. ഹമാസിൻ്റെ തടവിൽ ബാക്കിയുള്ള 76 ബന്ദികളേയും മോചിപ്പിക്കണമെന്നാണോ അതോ ഈ ശനിയാഴ്ച മോചിപ്പിക്കാനിരിക്കുന്ന മൂന്ന് പേരെ മാത്രം മോചിപ്പിക്കണമെന്നാണോ നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല.
തങ്ങൾ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ കരാർ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും താമസമോ സങ്കീർണ്ണതയോ സംഭവിച്ചാൽ അതിന് ഉത്തരവാദി ഇസ്രയേലായിരിക്കുമെന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവനയോടുള്ള ഹമാസിൻ്റെ പ്രതികരണം. ഗാസയ്ക്കുള്ള മാനുഷിക സഹായം തടഞ്ഞതുൾപ്പെടെ മൂന്നാഴ്ചത്തെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചതായി കഴിഞ്ഞ ദിവസം ഹമാസ് ആരോപിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തുകയാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതിന് പിന്നാലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിൻ്റെ പ്രതികരണം. ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കാൻ ഇസ്രായേൽ സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights: Israel says Gaza ceasefire will end if Hamas does not free hostages by Saturday