താരിഫിൽ ഇളവില്ല; തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ സ്വീകരിക്കും; മോദി-ട്രംപ് കൂടിക്കാഴ്ച

അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്ന് നരേന്ദ്ര മോദി

dot image

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാൽ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. മോദിയുമായുള്ള മികച്ച ബന്ധത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച ട്രംപ് കഴിഞ്ഞ നാല് വർഷവും മോദി സൗഹാര്‍ദം സൂക്ഷിച്ചെന്നും പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻമാരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു. കുടിയേറ്റ വിഷയത്തിൽ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മോദി അമേരിക്കൻ പ്രസിഡൻ്റിൻ്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

താരിഫ്, വ്യാപാരം തുടങ്ങിയ വിഷയങ്ങളിലെ ഇന്ത്യയുടെ ആശങ്ക മോദി ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അമേരിക്കയ്ക്ക് ഇറുക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്പരം നികുതി ചുമത്തുമെന്ന തീരുമാനത്തിൽ ഇന്ത്യയ്ക്ക് ഇളവ് നൽകാൻ ട്രംപ് തയ്യാറായിട്ടില്ല. വ്യാപാര രാജ്യങ്ങളിൽ സഖ്യരാജ്യങ്ങൾ ശത്രുരാജ്യങ്ങളെക്കാൾ മേശമാണെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയും സൈനികവ്യാപാരം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. എഫ് 35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയ്‌ക്കു നൽകാനും തീരുമാനമായി.

2030 ആകുമ്പോഴേയ്ക്കും ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കുമെന്ന് നരേന്ദ്ര മേദി വ്യക്തമാക്കി. വ്യാപാരം 500 ബില്യൻ ഡോളറിൽ എത്തിക്കുമെന്നായിരുന്നു മോദിയുടെ പ്രതികരണം. അമേരിക്കയിൽ നിന്നും കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപമായി യോജിച്ച് പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇരുരാജ്യങ്ങളും ഒരുമിച്ച് ഭീകരവാദത്തെ എതിർക്കുമെന്നും മോദി പറഞ്ഞു. ബോസ്റ്റണിൽ പുതിയ ഇന്ത്യ കോൺസുലേറ്റ് തുടങ്ങുമെന്നും മോദി പ്രഖ്യാപിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ആ​ഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് വ്യക്തമാക്കി. നാറ്റോയിൽ അം​ഗത്വം നേടാനുള്ള യുക്രെയ്ൻ്റെ ആ​ഗ്രഹമാണ് യുദ്ധത്തിന് കാരണമായതെന്ന നിലപാടും ട്രംപ് ചൂണ്ടിക്കാണിച്ചു. അവർ ചെയ്യാതിരുന്നെങ്കിൽ എന്ന് ഞാൻ കരുതുന്ന ഒരു കാര്യത്തിലേക്ക് റഷ്യ അവരെ തന്നെ എത്തിച്ചിരിക്കുന്നു. ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഇപ്പോൾ, റഷ്യ ഒരു വലിയ പ്രദേശം ഏറ്റെടുത്തിരിക്കുന്നു. യുക്രെയ്‌നെ നാറ്റോയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് അവർ ആദ്യ ദിവസം മുതൽ പറഞ്ഞിരുന്നു. അവർ അത് വളരെ ശക്തമായി പറഞ്ഞു.  അതാണ് യുദ്ധത്തിൻ്റെ തുടക്കത്തിന് കാരണമായതെന്ന് ഞാൻ യഥാർത്ഥത്തിൽ കരുതുന്നു. എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

വൈറ്റ്ഹൗസിലെത്തി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Content Highlights: Prime Minister Narendra Modi was hosted by American President Donald Trump

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us