![search icon](https://www.reporterlive.com/assets/images/icons/search.png)
വാഷിങ്ടൺ: ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. 'ശനിയാഴ്ച 12 മണിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എനിക്കറിയില്ല. എനിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഇസ്രായേലിന്റെ നിലപാട് എന്താണെന്നും എനിക്കും പറയാൻ സാധിക്കില്ല. ഇസ്രായേലിന്റെ നിലപാട് ബെഞ്ചമിൻ നെതന്യാഹു എന്തുചെയ്യാൻ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു'വെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും അതിൽ തനിക്ക് സംശയങ്ങളുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
🚨🇺🇸| Trump stated uncertainty about what will happen at 12 o’clock tomorrow, expressing he would take a tough stance if it were up to him. Earlier this week, he warned that “all hell will break out” if Hamas does not release all hostages by tomorrow.pic.twitter.com/lFtqo7C3cy
— Leil (@LeilIdeas) February 14, 2025
ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്നും അല്ലെങ്കിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുകയാണെന്ന ഹമാസിൻ്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹമാസിൻ്റെ തടവിൽ ബാക്കിയുള്ള 76 ബന്ദികളേയും മോചിപ്പിക്കണമെന്നാണോ അതോ ഈ ശനിയാഴ്ച മോചിപ്പിക്കാനിരിക്കുന്ന മൂന്ന് പേരെ മാത്രം മോചിപ്പിക്കണമെന്നാണോ നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.
അതേ സമയം, ആറാം ഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടതായും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഈ കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ-ഇസ്രായേലി അലക്സാണ്ടർ ട്രൗഫാനോവ്, അർജന്റീന-ഇസ്രായേലി യെയർ ഹോൺ, യുഎസ്-ഇസ്രായേലി സാഗുയി ഡെക്കൽ-ചെൻ എന്നിവരെയാണ് വിട്ടയക്കുക എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തങ്ങൾ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ കരാർ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും താമസമോ സങ്കീർണ്ണതയോ സംഭവിച്ചാൽ അതിന് ഉത്തരവാദി ഇസ്രയേലായിരിക്കുമെന്ന് ഹമാസിൻ്റെ നേരത്തെ പ്രതികരിച്ചിരുന്നു. ഗാസയ്ക്കുള്ള മാനുഷിക സഹായം തടഞ്ഞതുൾപ്പെടെ മൂന്നാഴ്ചത്തെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചതായും ഹമാസ് ആരോപിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തുകയാണെന്നാണ് ഹമാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലപാട് മാറ്റി ഹമാസ് രംഗത്ത് എത്തിയിരിക്കുകയാണ്.
Content Highlights: Donald Trump Says I’d take a hard stance on Gaza