
പ്രിട്ടോറിയ: സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു. ഇമാമും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഖെബേഹ നഗരത്തില്‍ വെച്ചാണ് മുഹ്‌സിന് വെടിയേറ്റത്. എല്‍ബിടിക്യു+ വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഇടം വാഗ്ദാനം ചെയ്ത മുഹ്‌സിന്‍ മറ്റൊരാളോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് വെടിവെയ്പ്പ് നടന്നത്.
ഇരുവരും യാത്ര ചെയ്യവേ മറ്റൊരു വാഹനം വന്ന് ഇവരെ തടയുകയായിരുന്നു. മുഖം മറച്ച രണ്ട് പേര്‍ കാറിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെടിവെച്ചതിന് പിന്നാലെ ഇരുവരും രക്ഷപ്പെട്ടു. പിന്നീടാണ് പുറകിലിരിക്കുന്ന ഇമാമിന് മാരകമായി വെടിയേറ്റെന്ന് ഡ്രൈവര്‍ക്ക് മനസിലായത്.
അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. എന്തെങ്കിലും വിവരം പൊതു ജനങ്ങള്‍ക്ക് അറിയാമെങ്കില്‍ അറിയിക്കണമെന്നും പൊലീസ് അറിയിക്കുന്നു. സംഭവത്തില്‍ അന്താരാഷ്ട ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്, ഇന്റര്‍സെക്‌സ് അസോസിയേഷന്‍ (ഐഎല്‍ജിഎ) ശക്തമായി അപലപിച്ചു.
Content Highlights: Muhsin Hendricks first openly gay Imam shot dead in South Africa