'തൻ്റെ രാജ്യത്തെ രക്ഷിക്കുന്നവൻ ഒരു നിയമവും ലംഘിക്കുന്നില്ല'; നെപ്പോളിയനെ ഉദ്ധരിച്ച് ട്രംപിൻ്റെ കുറിപ്പ്

ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിയമപരമായ വെല്ലുവിളികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ ദുരൂഹ സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

dot image

വാഷിങ്ടൺ: ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ്റെ വാക്കുകൾ ഉദ്ധരിച്ച് ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്രതികരണം. ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിയമപരമായ വെല്ലുവിളികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ ദുരൂഹ സന്ദേശം ട്രൂത്ത് സോഷ്യൽ മീഡിയ ആപ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമേരിക്കൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന കോൺ​ഗ്രസിൻ്റെ അധികാരങ്ങൾ ട്രംപ് കവർന്നെടുത്തെന്ന് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറത്തിറക്കിയതിന് പിന്നാലെ ആരോപണം ഉയർന്നിരുന്നു.

'തൻ്റെ രാജ്യത്തെ രക്ഷിക്കുന്നവൻ ഒരു നിയമവും ലംഘിക്കുന്നില്ല,' എന്നായിരുന്നു തൻ്റെ ട്രൂത്ത് സോഷ്യൽ ആപ്പിൽ ട്രംപ് പോസ്റ്റ് ചെയ്തത്. സ്വയം ചക്രവർത്തിയായി പ്രഖ്യാപിക്കുന്നതിനുമുമ്പ് 1804-ൽ 'നെപ്പോളിയൻ സിവിൽ കോഡ്' സൃഷ്ടിച്ച നെപ്പോളിയൻ്റെ ഉദ്ധരണിയാണ് സോഷ്യൽ മീഡയയിൽ ട്രംപ് പങ്കുവെച്ചത്. തൻ്റെ ഏകാധിപത്യ ഭരണത്തെ തുടർച്ചയായി ന്യായീകരിച്ചു കൊണ്ട് അത് ജനങ്ങളുടെ ആ​ഗ്രഹമാണെന്നായിരുന്നു നെപ്പോളിയൻ തുടർച്ചയായി പറഞ്ഞിരുന്നത്.

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടി, ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിൽപ്പെട്ടവരെ യുഎസ് മിലിട്ടറിയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് വിലക്കാനുള്ള ശ്രമങ്ങൾ, ഫെഡറൽ വർക്ക്ഫോഴ്‌സിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ, ടാർഗെറ്റ് ചെയ്ത ജീവനക്കാർ 'വിശ്വസ്തമായി ഭരണ നയങ്ങൾ' നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടാൽ ഏകപക്ഷീയമായി വൈറ്റ് ഹൗസിന് ഫയറിംഗ് അധികാരം നൽകൽ തുടങ്ങിയ വിഷയങ്ങളിലെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിരവധി നിയമ വ്യവഹാരങ്ങളാണ് നടക്കുന്നത്.

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയുള്ള അടിച്ചമർത്തൽ നിലപാടിനെതിരെ 10 ഹ‍‍ർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്. അതിൽ ഏഴ് ഹ‍ർജികളെങ്കിലും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ഉത്തരവിനെ വെല്ലുവിളിക്കുന്നതാണ്.

ഇതിനിടെ ട്രംപിൻ്റെ പോസ്റ്റിനെതിരെ ഡെമോക്രാറ്റുകൾ രം​ഗത്ത് വന്നിട്ടുണ്ട്. 'ഒരു യഥാർത്ഥ സ്വേച്ഛാധിപതിയെപ്പോലെ സംസാരിച്ചു' എന്നായിരുന്നു ട്രംപിൻ്റെ ദീർഘകാല എതിരാളിയും കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സെനറ്ററുമായ ആദം ഷിഫ് ട്വീറ്റ് ചെയ്തത്. കോടതി വിധികൾ താൻ അനുസരിക്കുന്നുവെന്ന് ട്രംപ് പറയുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ ഉപദേശകർ സോഷ്യൽ മീഡിയയിൽ ജഡ്ജിമാരെ ആക്രമിക്കുകയും അവരെ ഇംപീച്ച്‌മെൻ്റിന് ആഹ്വാനം ചെയ്യുകയും ചെയ്തതായും ആക്ഷേപം ഉയരുന്നുണ്ട്. 'എക്‌സിക്യൂട്ടീവിൻ്റെ നിയമപരമായ അധികാരം നിയന്ത്രിക്കാൻ ജഡ്ജിമാർക്ക് അനുവാദമില്ല' എന്ന് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു.

Content Highlights: Trump says no laws broken if he saves his country quotes Napoleon

dot image
To advertise here,contact us
dot image