ലാദനെ വധിച്ച മുന്‍ സൈനികന്‍ കഞ്ചാവ് കമ്പനി തുടങ്ങി; ലാഭത്തിന്റെ ഒരു വിഹിതം വിരമിച്ച സൈനികര്‍ക്ക്

ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സൈനിക സംഘത്തിലെ അംഗമായിരുന്നു റോബര്‍ട്ട് ജെ ഒ നീല്‍

dot image

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ മുന്‍ സൈനികന്‍ റോബേര്‍ട്ട് ജെ ഒ നീല്‍ കഞ്ചാവ് കമ്പനി തുടങ്ങി. ന്യൂയോര്‍ക്ക് നഗരത്തിലാണ് നീല്‍ കഞ്ചാവ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 'ഓപ്പറേറ്റര്‍ കന്ന കോ' എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പേര്. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ശാരീരിക അവശതകള്‍ അനുഭവിക്കുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് നീല്‍ അറിയിച്ചു. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തേ 'ഓപ്പറേറ്റര്‍ കന്ന കോ'എന്ന പേരില്‍ നീല്‍ ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതേ പേര് തന്നെയാണ് നീല്‍ തന്റെ പോഡ്കാസ്റ്റിനും നല്‍കിയിരിക്കുന്നത്. കഞ്ചാവിന് കര്‍ശന നിരോധനമുണ്ടായിരുന്നതിനാല്‍ സൈനിക സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് താന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്നാണ് നീല്‍ പറയുന്നത്. പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ പോലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിരമിച്ച സേനാംഗങ്ങള്‍ സാധാരണയായി ആശ്രയിച്ചിരുന്നത് മദ്യവും ഒപിയവും പോലുള്ള ശരീരത്തിന് ഹാനികരമായ വസ്തുക്കളാണ്. ഇതില്‍ നിന്ന് മുക്തി നേടാന്‍ തന്റെ ഉത്പന്നങ്ങള്‍ അവര്‍ക്ക് സഹായകരമാകുമെന്നും നീല്‍ അവകാശപ്പെടുന്നു.

ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സൈനിക സംഘത്തിലെ അംഗമായിരുന്നു റോബര്‍ട്ട് ജെ ഒ നീല്‍. 2013 ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണെന്ന് റോബര്‍ട്ട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlights- former us navy seal who killed osama bin laden start marijuana company

dot image
To advertise here,contact us
dot image