'ഉയ‍ർന്ന ടാക്സ് ഈടാക്കുന്നതല്ലേ, കൈവശം ധാരാളം പണമുണ്ടാകും';ഇന്ത്യക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കിയതിൽ ട്രംപ്

അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങൾക്ക് ചിലവഴിക്കാനുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോജിൻ്റെ ഉത്തരവ്

dot image

വാഷിം​ഗ്ടൺ ഡിസി: തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇന്ത്യയ്ക്ക് ധനസഹായം നൽകുന്നത് റദ്ദാക്കിയ മസ്കിൻ്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ​ഗവൺമെന്റ് എഫിഷ്യൻസിയുടെ തീരുമാനത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന ടാക്സ് വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത്തരമൊരു രാജ്യത്തിന് തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ യുഎസ് സാമ്പത്തിക സഹായം നൽകുന്നത് എന്തിനാണ് എന്ന ചോദ്യം ഉയർത്തിയാണ് ട്രംപ് ഡോജിനെ പിന്തുണച്ചത്.

തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ധനസഹായമായി 21 മില്യൺ ഡോളറാണ് അമേരിക്ക് ഇന്ത്യയ്ക്ക് നൽകിയിരുന്നത്. ഈ സഹായം നേരത്തെ റദ്ദാക്കിയിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ​ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) ആണ് ഇത് സംബന്ധിച്ച് സർക്കാരിന് നേരത്ത നിർദേശം നൽകിയത്.

'നമ്മൾ എന്തിനാണ് ഇന്ത്യക്ക് 21 മില്യൺ യുഎസ് ഡോളർ (160 കോടി രൂപ) നൽകുന്നത്? അവരുടെ കയ്യിൽ ധാരാളം പണമുണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ടാക്സ് തുക ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഉയർന്ന താരിഫ് നിരക്ക് മൂലം അമേരിക്കയ്ക്ക് ഇന്ത്യൻ വിപണിയിൽ വറലെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യൺ ഡോളർ എന്തിന് കൊടുക്കണം', ട്രംപ് ചോദിച്ചു.

ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാ​ഗമായി 723മില്യൺ ഡോളറിന്റെ വിദേശ ധനസഹായം നിർത്തലാക്കുമെന്ന് ഞായറാഴ്ച ഡോജ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 16നാണ് ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കിയത്. അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങൾക്ക് ചിലവഴിക്കാനുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോജിൻ്റെ ഉത്തരവ്.

Content Highlight: Trump says India has a lot of money after denying the USD 21 million fund designated for "voter turnout"

dot image
To advertise here,contact us
dot image