ചിത്രശലഭത്തിന്‍റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ കലർത്തി കുത്തിവെച്ചു; രക്തം കട്ടപിടിച്ച് പതിനാലുകാരന് ദാരുണാന്ത്യം

ഓൺലൈൻ ചലഞ്ചിന്റെ ഭാ​ഗമായാണോ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവെച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്

dot image

ബ്രസിലീയ : ബ്രസിലീൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ വലതുകാലിൽ കുത്തിവെച്ച പതിനാലുകാരന് ദാരുണാന്ത്യം. ബഹിയ സ്വദേശി ഡേവി ന്യൂൺസ് മൊറേറയാണ് മരിച്ചത്. ഓൺലൈൻ ചലഞ്ചിന്റെ ഭാ​ഗമായാണോ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവെച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തിൽ ചിത്രശലഭ അവശിഷ്ടങ്ങൾ കുത്തിവെച്ചതിന് ശേഷം ഡേവി ന്യൂൺസ് ഛർദ്ദിക്കാൻ തുടങ്ങി. പിന്നീട് നടക്കാൻ വയ്യാതായ ഡേവി ന്യൂൺസിന് വലതുകാലിൽ മുടന്തലും അനുഭവപ്പെട്ടു.

വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി വീട്ടുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റെന്നായിരുന്നു ഡേവി ന്യൂൺസ് വീട്ടുകാരോട് പറഞ്ഞത്. ഒടുവിൽ നില വഷളായപ്പോളാണ് താൻ വലതു കാലിൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവച്ചതായി ഡോക്ടറോട് കുട്ടി സമ്മതിച്ചത്. മരിച്ച ഒരു പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തിയ ശേഷം ആ വെള്ളം തന്‍റെ കാല്‍ ഞരമ്പില്‍ കുത്തിവച്ചെന്നാണ് കുട്ടിപറഞ്ഞത്. മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഡേവി ന്യൂൺസ് തലയിണയ്ക്കടിയിൽ ഒളിപ്പിച്ച സിറിഞ്ച് കുട്ടിയുടെ പിതാവ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചിത്രശലഭത്തിന്‍റെ ഇനം ഏതാണെന്ന് പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിത്രശലഭ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കൾ മൂലമോ, സെപ്റ്റിക് ഷോക്ക് മൂലമോ ആകാം കുട്ടിയുടെ മരണം സംഭവിച്ചതെന്ന് ചിത്രശലഭ വിദഗ്ദ്ധനും സാവോ പോളോ സർവകലാശാലയിലെ സുവോളജി മ്യൂസിയത്തിന്റെ ഡയറക്ടറുമായ മാർസെലോ ഡുവാർട്ടെ പറയുന്നു. ഡേവി ന്യൂൺസ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജി പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. കുത്തിവയ്പ്പിനിടെ രക്തധമനികളിലേക്ക് വായു കയറി രക്തം കട്ടിപിടിച്ചിരിക്കാം എന്നും സംശയമുണ്ട്. ബഹിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights : Brazilian Boy Injects Butterfly Remains, Dies

dot image
To advertise here,contact us
dot image